കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ പിടികൂടി

തേയിലത്തോട്ടത്തിൽ കമ്പിവേലിയിൽ കുടുങ്ങിയ പുലി
ഗൂഡല്ലൂർ: സ്വകാര്യ തേയിലത്തോട്ടത്തിലെ കമ്പിവേലിയിൽ കുടുങ്ങിയ പെൺപുലിയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മയക്കുവെടി വച്ച് പിടികൂടി കൂട്ടിലാക്കി. പന്തല്ലൂർ ഇരുമ്പുപാലം പാറക്കൽ റോഡിലെ തേയിലത്തോട്ടത്തിൽനിന്നാണ് വനംവകുപ്പ് രണ്ട് വയസ്സുള്ള പുലിയെ പിടികൂടിയത്. പരിക്കുകളില്ലെന്ന് ഉറപ്പാക്കുന്നതിനായി പുലിയെ മുതുമലയിലേക്ക് മാറ്റി.
വ്യാഴം രാവിലെ ഇതുവഴി പോയ നാട്ടുകാരാണ് പുലിയെ കണ്ടത്. ഉടൻതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ വനംവകുപ്പ് ഡിഎഫ്ഒ വെങ്കിടേഷ് പ്രഭു, ഡോ. രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ആദ്യം പുലിയെ വേലിയിൽനിന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, ഇത് ബുദ്ധിമുട്ടായതിനാൽ മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനിക്കുകയായിരുന്നു.
മയക്കുവെടി വച്ച് കൂട്ടിലാക്കിയ പുലിയെ ഉച്ചയോടുകൂടി മുതുമലയിലേക്ക് കൊണ്ടുപോയി. പുലിയെ പ്രത്യേക കൂട്ടിൽ നിരീക്ഷിച്ച് പരിക്കുകളില്ലെന്ന് ഉറപ്പാക്കിയ ശേഷം വനത്തിൽ തുറന്നുവിടും.









0 comments