print edition തൊഴിലുറപ്പ് പദ്ധതി അട്ടിമറി; രൂക്ഷ വിമർശവുമായി ഇടതുപക്ഷ തൊഴിലാളി, കർഷക സംഘടനകൾ


സ്വന്തം ലേഖകൻ
Published on Dec 16, 2025, 01:18 AM | 1 min read
ന്യൂഡൽഹി : തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തെ ശക്തമായി അപലപിച്ച് സംഘടനകൾ. തികച്ചും പിന്തിരിപ്പൻ നീക്കമാണിതെന്ന് ബില്ലിനെ സിഐടിയു വിശേഷിപ്പിച്ചത്. ബില്ലിലൂടെ ഗ്രാമീണർക്ക് 100 ദിനം തൊഴിൽ എന്ന അവകാശത്തിൽ വെള്ളം ചേർക്കുകയാണ് ചെയ്യുന്നത്. ഇൗ അവകാശത്തെ സർക്കാരിന്റെയോ എക്‌സിക്യൂട്ടീവിന്റെയോ കാരുണ്യത്തിന് വിട്ടുകൊടുക്കയാണ് ബിൽ ചെയ്യുന്നതെന്നും സിഐടിയു പ്രസ്‌താവനയിൽ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് മോദി സർക്കാർ സ്ഥിരമായി വെട്ടിക്കുറച്ചെന്നും ഇൗ ബില്ലിലൂടെ തൊഴിലാളികളുടെ വേതനത്തിന്റെ 40 ശതമാനവും വഹിക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിതരാക്കുന്നുവെന്നും അഖിലേന്ത്യാ കിസാൻ സഭ ചൂണ്ടിക്കാട്ടി. പദ്ധതിയെ പൂർണമായും നിയന്ത്രണത്തിലാക്കി സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങളെ നിഷേധിക്കുകയാണ് കേന്ദ്ര സർക്കാരെന്നും കിസാൻ സഭ പ്രസ്‌താനയിലൂടെ പറഞ്ഞു.
ഇന്ത്യയിലെ തൊഴിലാളികൾ കഠിനാധ്വാനം ചെയ്ത് നേടിയെടുത്ത തൊഴിലുറപ്പ് പദ്ധതിയെന്ന അവകാശത്തെ തകർക്കാനുള്ള ശ്രമമാണ് ബില്ലിലുള്ളതെന്ന് അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ പറഞ്ഞു. പുതിയ ബില്ലിന്റെ പേരുതന്നെ അതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വ്യക്തമാക്കുന്നെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കി. ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും സംഘടനകൾ അറിയിച്ചു.
പ്രഹസന പ്രതിഷേധവുമായി യുഡിഎഫ് എംപിമാർ
കേരളത്തോടുള്ള കേന്ദ്രത്തിന്റെ ആവർത്തിച്ചുള്ള അവഗണനകളിൽ നിസ്സംഗത പാലിച്ചിരുന്ന യുഡിഎഫ് എംപിമാർ ശബരിമലയുടെ പേരിൽ പാർലമെന്റിൽ പ്രതിഷേധം നടത്തി പരിഹാസ്യരായി. ശബരിമല ഭക്തിഗാനത്തിന് വികൃതമായ പാരഡിയുണ്ടാക്കി അത് പാടിയാണ് എംപിമാർ രംഗത്തെത്തിയത്. എംപിമാരുടെ പ്രതിഷേധപ്രഹസന നാടകത്തിന് എതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശമുയർന്നു.










0 comments