ad
Deshabhimani

'അമേരിക്കൻ നേതൃത്വത്തിലുള്ള 'ബോർഡ് ഓഫ് പീസിൽ' ഇന്ത്യ ചേരരുത്'; പലസ്തീനെ ഒറ്റിക്കൊടുക്കരുതെന്ന് ഇടതുകക്ഷികൾ

left parties
വെബ് ഡെസ്ക്

Published on Jan 21, 2026, 12:28 PM | 1 min read

ന്യൂഡൽഹി: ഗാസ സമാധാന പദ്ധതി നടപ്പിലാക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 'ബോർഡ് ഓഫ് പീസ്' എന്ന സമിതിയിൽ ഇന്ത്യ അംഗമാകരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് ഇടതുകക്ഷികൾ. പലസ്തീൻ ജനതയുടെ അവകാശങ്ങളെ മാനിക്കാത്ത ഇത്തരം സമിതികളിൽ സഹകരിക്കുന്നത് പലസ്തീൻ പോരാട്ടത്തോടുള്ള കടുത്ത വഞ്ചനയായിരിക്കുമെന്ന് സിപിഐ എം, സിപിഐ, സിപിഐ (എംഎൽ) ലിബറേഷൻ, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, ആർഎസ്പി എന്നീ പാർട്ടികൾ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി.


ഐക്യരാഷ്ട്രസഭയെ ബോധപൂർവം മറികടക്കാനും അമേരിക്കയുടെ പൂർണ്ണ നിയന്ത്രണത്തിലുള്ള ഒരു പുതിയ അന്താരാഷ്ട്ര സംവിധാനം കെട്ടിപ്പടുക്കാനുമാണ് ഈ സമിതിയിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്. നിലവിലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി അധികാരം കൈപ്പിടിയിലൊതുക്കാനുള്ള അമേരിക്കൻ ശ്രമത്തെ ശക്തമായി എതിർക്കണമെന്നും ഇടതുകക്ഷികൾ ആവശ്യപ്പെട്ടു. അമേരിക്കൻ സാമ്രാജ്യത്വ മോഹങ്ങൾ ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾക്ക് ഭീഷണിയാണെന്നും, ഈ സാഹചര്യത്തിൽ ഇന്ത്യ പലസ്തീനൊപ്പവും മറ്റ് വികസ്വര രാജ്യങ്ങൾക്കൊപ്പവും ഉറച്ചുനിൽക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.


സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ (എംഎൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, എഐഎഫ്ബി ജനറൽ സെക്രട്ടറി ജി ദേവരാജൻ, ആർഎസ്പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ എന്നിവരാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. സാമ്രാജ്യത്വ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള അമേരിക്കയുടെ ഇത്തരം വാഗ്ദാനങ്ങളിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കണമെന്നാണ് ഇടതുകക്ഷികളുടെ ഉറച്ച നിലപാട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home