ad
Deshabhimani

വോട്ടെടുപ്പ്‌ ബുധനാഴ്‌ച

print edition ആത്മവിശ്വാസത്തോടെ 
മുന്നേറി ഇടതുമുന്നണി; ബംഗാളിൽ പരസ്യ പ്രചാരണം ഇന്ന്‌ അവസാനിക്കും

Abhijit Bandyopadhya Howra

ദക്ഷിണ ഹൗറ മണ്ഡലത്തിലെ സിപിഐ എം സ്ഥാനാർഥി അഭിജിത്ത് ബന്ധോപാധ്യായ പ്രചാരണത്തിനിടെ

avatar
ഗോപി

Published on Apr 27, 2026, 12:00 AM | 2 min read

കൊൽക്കത്ത: ​ബംഗാളിൽ അവസാനഘട്ട തെരഞ്ഞടുപ്പിന്റെ പരസ്യ പ്രചാരണം തിങ്കളാഴ്‌ച അവസാനിക്കുന്പോൾ ആത്മവിശ്വാസത്തോടെ മുന്നേറി സിപിഐ എം നേതൃത്വത്തിലുള്ള ഇടതുമുന്നണി. സ്ഥാനാര്‍ഥികളുടെ റാലികളിലും റോഡ് ഷോകളിലും വൻ ജനാവലിയാണ് എത്തുന്നത്.


തൃണമൂൽ അക്രമവും ഭീഷണിയുംമൂലം ഇടതുമുന്നണിയിൽനിന്ന് അകന്നുനിന്നിരുന്ന വലിയൊരു വിഭാഗം തിരികെ വന്നു. അവരെല്ലാം സജീവമായി രംഗത്തിറങ്ങി. ചെറുപ്പക്കാരുടെ വൻ നിരതന്നെയാണ് ഇടതുമുന്നണി പ്രവർത്തനങ്ങളിൽ പങ്കാളികളായത്. മമതയുടെ ഭരണത്തിൽ തൊഴിലില്ലായ്‍മയും അഴിമതിയും ബിജെപി ഉയത്തുന്ന വർഗീയ ചേരിതിരിവും പുതു തലമുറയെ അസ്വസ്ഥരാക്കുന്നു. ബംഗാളിനെ രക്ഷിക്കൂവെന്ന ഇടതുമുന്നണി ആഹ്വാനം ചെറുപ്പക്കാർ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്.


23ന് ആദ്യഘട്ട വോട്ടെടുപ്പ് നടന്ന 152 സീറ്റിലും മികച്ച പ്രകടനമാണ് ഇടതുമുന്നണി കാഴ്‍ചവച്ചത്. തൃണമൂലിന്റെ ബൂത്ത് കൈയേറ്റവും വോട്ടര്‍മാരെ തടയലും വലിയതോതിൽ മറികടക്കാനായി. 142 മണ്ഡലങ്ങളിൽ ബുധനാഴ്ച നടക്കുന്ന രണ്ടാംഘട്ടത്തിലും വലിയ മുന്നേറ്റമാണ് ഇടതുമുന്നണി നടത്തുന്നത്.


സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, മുതിർന്ന നേതാവ് ബൃന്ദ കാരാട്ട് തുടങ്ങിയവർ നിരവധി സ്ഥലങ്ങളിലെ പ്രചാരണങ്ങളിൽ പങ്കെടുത്തു. സിപിഐ എം നേതാക്കളായ മീനാക്ഷി മുഖർജി മത്സരിക്കുന്ന ഉത്തർപാര, ബികാഷ്‌ രഞ്ജൻ ഭട്ടാചാര്യ മത്സരിക്കുന്ന ജാദവ്‌പുർ, മയൂഖ്‌ ബിശ്വാസ്‌ മത്സരിക്കുന്ന ഡം ഡം, ദീപ്‌സിത ധർ മത്സരിക്കുന്ന ഡം ഡം ഉത്തർ, അഫ്രീൻ ബീഗം മത്സരിക്കുന്ന ബാലിഗഞ്ച്‌ എന്നീ മണ്ഡലങ്ങളും വിധിയെഴുതും.


പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്‌ ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ എന്നിവർ ബിജെപിയുടെ പ്രചാരണം നയിക്കുന്നു. ശനിയാഴ്‌ച രാത്രിയോടെ ലോക്‌സഭ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടികൾ പൂർത്തിയായി. തൃണമൂ‍ൽ കോൺഗ്രസിന്‌ പിന്തുണച്ച് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളും പ്രചാരണത്തിനെത്തി.



വലിയ പിന്തുണ: എം എ ബേബി


​കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ അക്രമ, അഴിമതി രാഷ്ട്രീയത്തിനും ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനുമെതിരായി ജനം വിധിയെഴുതുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. മതത്തെ രാഷ്ട്രീയത്തിൽ കലർത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നത് ബംഗാളിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഈ അപകട രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ. എല്ലായിടത്തും വലിയ പിന്തുണയാണ് ലഭിക്കുന്നത്. യുവാക്കൾ ധാരാളമായി ഇടതുമുന്നണിയിൽ അണിനിരക്കുന്നത് വലിയ പ്രതീക്ഷയാണ് ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ ബിഹാല പശ്ചിം, പൂർവ മണ്ഡലങ്ങളിലെ സിപിഐ എം സ്ഥാനാർഥികളുടെ സംയുക്ത റോഡ് ഷോയിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home