ad
Deshabhimani

print edition ബംഗാളിൽ കരുത്തുകാട്ടി ഇടതുമുന്നണി; ജനപ്രവാഹമായി സ്ഥാനാർഥി പര്യടനങ്ങൾ

ldf west bengal

എസ്ഐആറിലെ കൂട്ടവോട്ടുവെട്ടലിനെതിരെ കൊൽക്കത്തയിലെ തെരഞ്ഞെടുപ്പ് കമീഷണർ ഓഫീസിലേക്ക് ഇടതുമുന്നണി നടത്തിയ പ്രതിഷേധ മാർച്ച്

avatar
സ്വന്തം ലേഖകൻ

Published on Apr 13, 2026, 12:00 AM | 1 min read

ന്യൂഡൽഹി : പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥികളുടെ പര്യടനങ്ങളിൽ വൻ ജനപങ്കാളിത്തം. തൃണമൂൽ കോൺഗ്രസിന്റെ അക്രമഭീഷണികളെ വകവയ്‌ക്കാതെ പ്രചാരണങ്ങളിൽ ഇടതുമുന്നണിയുടെ ശക്തിയും പ്രസക്തിയും വെളിവാക്കി ജനങ്ങൾ ഒഴുകിയെത്തുന്നു. റോഡ്‌ഷോകളിലും പൊതുയോഗങ്ങളിലും യുവാക്കളുടെയും സ്‌ത്രീകളുടെയും വൻ പങ്കാളിത്തമാണ്‌ ദൃശ്യമാകുന്നത്‌.


ബാരാനഗറിൽ ഇടതുമുന്നണി സ്ഥാനാർഥി സയൻദീപ് മിത്രയുടെ റോഡ്‌ഷോയിൽ പങ്കെടുത്തവരിൽ ഏറിയ പങ്കും യുവജനങ്ങളും സ്‌ത്രീകളുമാണ്‌. ബരാജോറ, സാൽട്ടോറ മണ്ഡലങ്ങളിലെ ഇടതുമുന്നണി സ്ഥാനാർഥിളായ സുജിത് ചക്രവർത്തി, നന്ദദുലാൽ ബൗരി എന്നിവരുടെ പ്രചാരണവും വൻ ആവേശത്തിലാണ്‌. മേഖലയിലെ അടച്ചുപൂട്ടിയ ഫാക്‌ടറികളിലെ തൊഴിലാളികൾ ഫാക്‌ടറികൾ തുറക്കണമെന്ന ആവശ്യമാണ്‌ സ്ഥാനാർഥികളോട്‌ പങ്കുവെച്ചത്‌. ബാലിഗഞ്ചിലെ യുവസ്ഥാനാർഥി അഫ്രീൻ ശിൽപിയുടെ പ്രചാരണത്തിലും വലിയ ജനപങ്കാളിത്തമാണുള്ളത്‌.


മഹിഷാദൽ മണ്ഡലത്തിലെ സ്ഥാനാർഥി പരിതോഷ് പട്നായിക്കിനെ വോട്ടർമാർ പുഷ്‌പവൃഷ്‌ടി നടത്തി സ്വീകരിച്ചു. ഇവിടെ ഗ്രാമങ്ങളിൽ കാൽനടയായി സഞ്ചരിച്ചാണ്‌ പ്രചാരണം.​ ഇടതുമുന്നണി പുറത്തിറക്കിയ പ്രകടനപത്രിക സംസ്ഥാനത്ത്‌ വലിയ ചർച്ചയായി. യുവാക്കൾക്ക്‌ തൊഴിലുറപ്പാക്കാൻ കർമപദ്ധതി, കുടുംബത്തിലെ ഒരാൾക്ക്‌ സ്ഥിരം തൊഴിൽ, 100 യൂണിറ്റ്‌ സ‍ൗജന്യവൈദ്യുതി, വാർധക്യകാല പെൻഷൻ, അഴിമതി രഹിത ഭരണം തുടങ്ങിയവയാണ്‌ പ്രധാന വാഗ്‌ദാനങ്ങൾ. കൂടുതൽ പാർടികളെ ഉൾപ്പെടുത്തി മുന്നണി ശക്തിപ്രാപിച്ചെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ സലീം പറഞ്ഞു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം വോട്ടര്‍പട്ടിക പരിഷ്കരണത്തിലൂടെ 90 ലക്ഷത്തിലേറെ വോട്ടര്‍മാരെ വെട്ടിക്കുറച്ചതില്‍ സിപിഐ എം സംസ്ഥാനത്ത് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home