print edition സംഘപരിവാറിന് ആശങ്ക; ബംഗാളിൽ ഇടതുപക്ഷം ശക്തിപ്പെടും

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ വിമതപക്ഷത്തിന് ബിജെപി രൂപം നൽകിയത് ഇടതുപക്ഷം വീണ്ടും ബംഗാളിൽ ശക്തിപ്പെടുമെന്ന ആശങ്കയിൽ. തെരഞ്ഞടുപ്പ് ഫലം വന്നതിന് പിന്നാലെ തൃണമൂലിലുണ്ടായ പൊട്ടിത്തെറി തുടക്കത്തിൽ സംഘപരിവാറിനെ ആഹ്ലാദിപ്പിച്ചിരുന്നു. എന്നാൽ തൃണമൂൽ ദുർബലപ്പെടുപ്പോൾ മുഖ്യപ്രതിപക്ഷമായി ഇടതുപക്ഷം മാറുമെന്ന് ചില സംഘപരിവാർ സഹയാത്രികൾ മുന്നറിയിപ്പ് നൽകിയതോടെ ബിജെപിയുടെ സമീപനത്തിൽ മാറ്റമുണ്ടായി.
ഇതോടെയാണ് ഋതബ്രതയെ മുന്നിൽ നിർത്തി തൃണമൂലിൽ പിളർപ്പ് സൃഷ്ടിച്ച് തങ്ങളുടെ നിയന്ത്രണത്തിലുള്ള ‘പ്രതിപക്ഷ’ത്തെ സൃഷ്ടിക്കാൻ ബിജെപി കരുക്കൾ നീക്കിയത്. ഇടതുപക്ഷം കരുത്താർജ്ജിച്ചാൽ ബംഗാളിൽ സംഘപരിവാർ വെല്ലുവിളി നേരിടുമെന്ന ഭയമാണ് ആർഎസ്‌എസ്– ബിജെപി നേതൃത്വത്തിനുള്ളത്. നിലവിൽ തൃണമൂലിനൊപ്പമുള്ള മതനിരപേക്ഷ ചിന്താഗതിക്കാർ വളരെ വേഗം ഇടതുപക്ഷത്തിലെത്തും. ഒപ്പം 15 വർഷമായി തൃണമൂലിനൊപ്പം നിലയുറപ്പിച്ചവരിൽ ഭൂരിഭാഗവും സിപിഐ എമ്മിനെ പിന്തുണയ്‌ക്കുമെന്ന വിലയിരുത്തലാണ് ബിജെപിക്കുള്ളത്. ബംഗാളിൽ ഇടതുപക്ഷം ശക്തിപ്പെട്ടാൽ ദേശീയതലത്തിൽ ബിജെപിയുടെ തീവ്രവലതു വർഗീയ രാഷ്ട്രീയം വെല്ലുവിളിക്കപ്പെടുമെന്നും സംഘപരിവാറിന് ആശങ്കയുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടുസീറ്റ് മാത്രമാണ് ഇടതുപക്ഷ സഖ്യത്തിന് ലഭിച്ചതെങ്കിലും 45 ലക്ഷത്തോളം വോട്ടുകൾ സംസ്ഥാനത്ത് സമാഹരിക്കാൻ കഴിഞ്ഞിരുന്നു. ബംഗാൾ തെരഞ്ഞെടുപ്പിനെ തൃണമൂൽ– ബിജെപി നേർക്കുനേർ പോരാട്ടമായി വലതുമാധ്യമങ്ങൾ ചുരുക്കിയിട്ടും അറുപതോളം മണ്ഡലങ്ങളിൽ ഇരുപതിനായിരത്തിലേറെ വോട്ടുനേടാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം റീപോളിങുണ്ടായ ഫാൾട്ടയിൽ നാൽപ്പതിനായിരത്തിലേറെ വോട്ടുപിടിച്ച് രണ്ടാമതെത്താനും സിപിഐ എമ്മിനായി. ഇതോടെയാണ് സംഘപരിവാർ കേന്ദ്രങ്ങൾ പരിഭ്രാന്തിയിലായത്. നിലവിൽ തൃണമൂലിന്റെ വിമതപക്ഷത്തെ പ്രതിപക്ഷ റോളിൽ പിടിച്ചുനിർത്താനാണ് ബിജെപി ശ്രമം. കേസുകളും മറ്റും ഒഴിവാക്കാമെന്ന പ്രലോഭനത്തിലാണ് തൃണമൂൽ എംഎൽഎമാരെ കൂട്ടത്തോടെ വിമതക്യാമ്പിലേക്ക് ബിജെപി എത്തിക്കുന്നത്. തൃണമൂലിന്റെ പാർലമെന്ററി പാർടിയെ കൂടി പിളർത്തി വിമതപക്ഷത്തിന് കൂടുതൽ കരുത്ത് പകരാനും സർക്കാർ സംവിധാനങ്ങളുടെ പിൻബലത്തിൽ ബിജെപി ശ്രമിക്കുന്നുണ്ട്.
ഋതബ്രതയുടെ ക്യാമ്പിലും ഭിന്നത
കൊൽക്കത്ത: തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് രണ്ടായ് പിളർന്ന തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധിക്ക് അയവില്ല. പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയ്ക്ക് ഒപ്പമുള്ള നേതാക്കൾക്കിടയിലും ഭിന്നത രൂക്ഷം.
ഋതബ്രതയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ച നിയമസഭയിലെ യോഗത്തിൽ 32 എംഎൽഎമാർ മാത്രമാണ് പങ്കെടുത്തത്. ആകെ 80 തൃണമൂൽ എംഎൽഎമാരിൽ 58 പേരാണ് ആദ്യം ഋതബ്രതയ്ക്ക് പിന്തുണ അറിയിച്ചത്. കുറഞ്ഞത് 16 വിമത എംഎൽഎമാരെങ്കിലും തങ്ങളുടെ നിലപാട് പുനഃപരിശോധിക്കുകയാണെന്നാണ് സൂചന.
ഋതബ്രതയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കറുടെ നടപടിക്കെതിരെ കൽക്കട്ട ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി മമത ബാനർജിയും കൂട്ടരും. പുറത്താക്കപ്പെട്ട എംഎൽഎയ്ക്ക് നിയമപരമായി ആ പദവി വഹിക്കാൻ കഴിയില്ലെന്നാണ് ഇവരുടെ വാദം.
മമത വിളിച്ച യോഗത്തിൽ ആളില്ല; എത്തിയത് 8 എംഎൽഎമാരും 6 എംപിമാരും
ന്യൂഡൽഹി: ബംഗാളിൽ പിടിച്ചുനിൽക്കാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായി തൃണമൂൽ കോൺഗ്രസ് ചെയർമാൻ മമത ബാനർജി വെള്ളിയാഴ്‌ച വസതിയിൽ വിളിച്ചുചേർത്ത യോഗത്തിലും നേതാക്കളുടെ ശുഷ്‌ക സാന്നിധ്യം. ആകെ എട്ട് എംഎൽഎമാർ മാത്രമാണ് യോഗത്തിനെത്തിയത്. 41 എംപിമാരിൽ അഭിഷേക് ബാനർജി അടക്കം ആറുപേരും. 13 രാജ്യസഭാംഗങ്ങളിൽ ഡെറിക് ഒബ്രിയനും ഡോളാ സെന്നും മാത്രമാണെത്തിയത്.
വസതിയിൽ വിളിച്ച യോഗവും പൊളിഞ്ഞതോടെ തൃണമൂലിന്റെ നാഷണൽ വർക്കിങ് കമ്മിറ്റിയാണ് ചേർന്നതെന്നും എല്ലാ എംഎൽഎമാരും എംപിമാരും പങ്കെടുക്കേണ്ട ആവശ്യമില്ലെന്നുമുള്ള വിശദീകരണവുമായി നേതാക്കളെത്തി. മഹുവ് മൊയ്‌ത്ര, സുഷ്‌മിത ദേബ്, രാജേഷ് ത്രിപാഠി, മുകുൾ സാങ്‌മ എന്നീ എംപിമാർ ഓൺലൈനായി പങ്കെടുത്തുവെന്നും മമതാ പക്ഷത്തുള്ള നേതാക്കൾ ആവശ്യപ്പെട്ടു.
ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ 60 എംഎൽഎമാർ വിമതപക്ഷത്തേക്ക് പോയതോടെയാണ് കാളിഘട്ടിലെ വസതിയിൽ അടിയന്തര യോഗത്തിന് മമത തീരുമാനമെടുത്തത്. രണ്ടുദിവസമായി വിമത പക്ഷത്തുള്ള എംഎൽഎമാരെയടക്കം യോഗത്തിലേക്ക് ക്ഷണിക്കാൻ മമത ഫോണിൽ ബന്ധപ്പെട്ടിരുന്നു. പലർക്കും മമതയോട് അനുഭാവമുണ്ടെങ്കിലും അഭിഷേക് ബാനർജിയെ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ്. അനന്തരവനെ തള്ളിപറയാൻ മമത ഇതുവരെ കൂട്ടാക്കിയിട്ടില്ല.








0 comments