print edition ഗ്യാനേഷിന്റെ രാജിക്കായി ഇടതുപക്ഷം: ഇടവേളയില്ലാത്ത പ്രക്ഷോഭം

എം അഖില്‍
Published on Oct 22, 2026, 01:30 AM | 1 min read
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സ്ഥാനത്തുനിന്ന് ഗ്യാനേഷ്‌കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇടവേളയില്ലാത്ത പ്രതിഷേധപരിപാടികളുമായി ഇടതുപക്ഷം. വരുംദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭത്തിന് ഇടതുപക്ഷ യുവജന, വിദ്യാർഥി, തൊഴിലാളി, കർഷക സംഘടനകള്‍ തീരുമാനിച്ചു.
പീപ്പിൾ എഗെയ്‌ൻസ്‌റ്റ് എസ്‌ഐആർ എന്ന വിശാലവേദി ആഭിമുഖ്യത്തിൽ 23ന് രാജ്യത്തുടനീളം തിരംഗാ റാലി നടത്തും. ഓരോ കൈയിലും ദേശീയ പതാകയേന്തി ഓരോ തെരുവുകളും ജന്തർമന്തറായി മാറ്റാനാണ് ആഹ്വാനം. ഇതിന് പിന്തുണനൽകണമെന്ന് ഇന്ത്യ കൂട്ടായ്‌മയിലെ എല്ലാ പാർടികളോടും പീപ്പിൾ എഗെൻസ്‌റ്റ് എസ്‌ഐആർ അഭ്യർഥിച്ചു. എസ്‌ഐആർ ഉടൻ പിൻവലിക്കുക, തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമന നിയമത്തിലെ വിവാദ ഭേദഗതി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന ഉന്നയിക്കുന്നു. നവഫാസിസ്‌റ്റുകളുടെ ജനാധിപത്യവിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കുന്ന വിശാല മുന്നണിയായ പീപ്പിൾ എഗെയ്‌ൻസ്‌റ്റ് എസ്‌ഐആറിൽ ഇടതുപക്ഷം സജീവമാണ്.
ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് നവംബർ ഒന്നിന് ഇന്ത്യ കൂട്ടായ്‌മ നടത്തുന്ന മഹാറാലിയിലും ഇടതുപക്ഷം അണിനിരക്കും. രാംലീലാ മൈതാനിയിലെ റാലിയിൽ ഇടതുപക്ഷത്തിന്റെ ആവശ്യാനുസരണം ജനാധിപത്യവിശ്വാസികളായ എല്ലാ സംഘടനകളെയും വ്യക്തികളെയും ഉൾപ്പെടുത്താൻ തീരുമാനിച്ചു. ആവശ്യങ്ങൾ അംഗീകരിക്കുംവരെ തുടർച്ചയായ പ്രക്ഷോഭങ്ങളെന്ന ആശയവുമായി മുന്നോട്ടുപോകും.









0 comments