ഓപ്പറേഷൻ സിന്ദൂർ: പഞ്ചാബിലും ചണ്ഡീഗഡിലും പൊലീസ്, മെഡിക്കൽ ഉദ്യോഗസ്ഥരുടെ ലീവ് റദ്ദാക്കി; അടിയന്തര സാഹചര്യമെന്ന് അധികൃതർ

പ്രതീകാത്മകചിത്രം
ചണ്ഡീഗഡ് : ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പഞ്ചാബിലും ചണ്ഡീഗഡിലും അടിയന്തര നടപടികൾ. പൊലീസ് ഉദ്യോഗസ്ഥരുടെയും മെഡിക്കൽ ജീവനക്കാരുടെയും അവധികൾ റദ്ദാക്കി. പൊലീസ് സേനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ ജീവനക്കാരുടെയും അവധികൾ അടിയന്തരമായി റദ്ദാക്കിയിട്ടുണ്ട്. മെഡിക്കൽ ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കി. ആയുഷ്മാൻ ആരോഗ്യ മന്ദിറുകളിൽ ജോലി ചെയ്യുന്ന മെഡിക്കൽ ഓഫീസർമാരും ജീവനക്കാരും അവധി റദ്ദാക്കി ഉടൻ ജോലിയിൽ പ്രവേശിക്കണമെന്നും ഉത്തരവുണ്ട്. എല്ലാ ജീവനക്കാരും 24 മണിക്കൂറും ജോലി ചെയ്യാൻ തയാറായിരിക്കണമെന്നും ഏതു സമയത്ത് ജോലിക്ക് വിളിച്ചാലും എത്തിച്ചേരണമെന്നും അല്ലാത്ത പക്ഷം അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നാഷണൽ ഹെൽത്ത് മിഷൻ ചണ്ഡീഗഡ് ഡയറക്ടർ ഉത്തരവിൽ പറയുന്നു.
ബുധനാഴ്ച ബോർഡർ സെക്യൂരിറ്റി ഫോഴ്സും (ബിഎസ്എഫ്) ഉദ്യോഗസ്ഥരുടെ ലീവ് റദ്ദാക്കിയിരുന്നു. പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലായുള്ള 2,289 കിലോമീറ്റർ അതിർത്തിയിലാണ് ബിഎസ്എഫ് സുരക്ഷ നൽകുന്നത്. കശ്മീരിൽ 198 കിലോമീറ്റർ അതിർത്തിയിൽ പിർ പഞ്ജൽ മൗണ്ടൻ റേഞ്ചിൽ സൈന്യത്തിനൊപ്പമാണ് ബിഎസ്എഫ് പ്രവർത്തിക്കുന്നത്.
ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ. ബുധൻ പുലർച്ചെയാണ് പാകിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളിലേക്ക് ഇന്ത്യ മിസൈലാക്രമണം നടത്തിയത്. ഇതിനു പിന്നാലെ രാജ്യത്താകമാനം സുരക്ഷ ശക്തമാക്കിയിരുന്നു. ഏപ്രിൽ 22നാണ് കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടന്നത്. 26 പേരാണ് കൊല്ലപ്പെട്ടത്.









0 comments