ad
Deshabhimani

കേരളത്തിന്റെ പോരാട്ടത്തിന് ഐക്യദാർഢ്യം; പ്രതികാര നടപടികൾ കേന്ദ്രം അവസാനിപ്പിക്കണം: സിപിഐ എം

cpim logo
വെബ് ഡെസ്ക്

Published on Jan 12, 2026, 05:55 PM | 1 min read

ന്യൂഡൽഹി: കേന്ദ്രസർക്കാർ കേരളത്തോട് സ്വീകരിക്കുന്ന കടുത്ത ഉപരോധനയത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച സത്യഗ്രഹ സമരത്തിന് ഐക്യദാർഢ്യവുമായി സിപിഐ എം പൊളിറ്റ് ബ്യൂറോ. കേന്ദ്രത്തിന്റെ ഔദാര്യമല്ല, മറിച്ച് അർഹമായ അവകാശങ്ങൾ മാത്രമാണ് കേരളം ആവശ്യപ്പെടുന്നതെന്നും സംസ്ഥാനത്തോടുള്ള സാമ്പത്തിക പ്രതികാര നടപടികൾ കേന്ദ്രം അവസാനിപ്പിക്കണമെന്നും പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കേന്ദ്രത്തിന്റെ സാമ്പത്തിക വിവേചനം മൂലം കേരളത്തിന് ഏകദേശം 57,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായി. നികുതി വിഹിതം, ഗ്രാന്റുകൾ, വിവിധ പദ്ധതികൾക്കുള്ള ഫണ്ടുകൾ എന്നിവയിൽ വലിയ കുറവുണ്ടായി. ഭരണഘടനാ വ്യവസ്ഥകളെ ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.


പത്താം ധനകാര്യ കമീഷൻ കാലയളവിൽ കേന്ദ്ര നികുതി വിഹിതത്തിന്റെ 3.875 ശതമാനമായിരുന്നത് നിലവിലെ 15-ാം ധനകാര്യ കമീഷനിൽ വെറും 1.925 ശതമാനമായി കുറഞ്ഞു. 2024-25 വർഷത്തിൽ മാത്രം 27,000 കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി സംസ്ഥാനത്തിനുണ്ടായത്. ഇതിനുപുറമെ, സംസ്ഥാനത്തിന് ലഭിക്കേണ്ട പല കുടിശ്ശികകളും കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണ്. ഇതെല്ലാം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കുന്നു.


വികസനത്തിലും ക്ഷേമ പ്രവർത്തനങ്ങളിലും രാജ്യത്തിന് തന്നെ മാതൃകയാണ് കേരളം. കേരളത്തിന്റെ ന്യായമായ ആശങ്കകൾ പരിഗണിക്കണം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംപിമാരുടെയും എംഎൽഎമാരുടെയും നേതൃത്വത്തിൽ സത്യഗ്രഹത്തിൽ പങ്കെടുക്കുന്ന കേരളത്തിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നുവെന്നും പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home