ad
Deshabhimani

അന്ന് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയണം; സുബീൻ ​ഗാർ​ഗിന്റെ മരണത്തിൽ പ്രതികരിച്ച് ​ഭാര്യ

subeen garg
വെബ് ഡെസ്ക്

Published on Oct 02, 2025, 10:55 AM | 2 min read

ന്യൂഡൽഹി : പ്രശസ്ത ​ഗായകൻ സുബീൻ ​ഗാർ​ഗിന്റെ മരണത്തിൽ ദുരൂഹതയെന്ന് ഭാര്യ ​ഗരിമ ​ഗാർ​ഗ്. സുബീന്റെ മരണത്തിൽ രണ്ട് പേർ അറസ്റ്റിലായി മണിക്കൂറുകൾക്ക് ശേഷമാണ് ​ഗരിമ മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് പറഞ്ഞത്. "എന്താണ് സംഭവിച്ചതെന്ന് നമുക്ക് കൃത്യമായി അറിയണം. അവരെ ചോദ്യം ചെയ്യണം. അന്വേഷണം പുരോഗമിക്കുകയാണ്, നിയമം അതിന്റേതായ വഴിക്ക് പോകും. നാമെല്ലാവരും സഹകരിക്കണം"- ഗരിമ പറഞ്ഞു.


സുബീൻ ഗാർഗിന്റെ മാനേജർ സിദ്ധാർത്ഥ ശർമ്മ, നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ (എൻഇഐഎഫ്) മുഖ്യ സംഘാടകൻ ശ്യാംകാനു മഹന്ത എന്നിവരെയാണ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. സിംഗപ്പൂരിൽ നിന്ന് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് മഹന്തയെ അറസ്റ്റ് ചെയ്തത്. ഗുരുഗ്രാമിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്നാണ് ശർമ്മയെ അറസ്റ്റ് ചെയ്തത്.


മരണത്തിനു മുമ്പ് സുബീൻ നടത്തിയ നൗക യാത്രയിൽ ഒപ്പമുണ്ടായിരുന്ന സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസ്വാമിയെയും ഗാർഗിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തിരുന്നു. സുബീന്റെ മരണം അന്വേഷിക്കാൻ സ്പെഷ്യൽ ഡിജിപി എംപി ഗുപ്തയുടെ നേതൃത്വത്തിലുള്ള 10 അംഗ എസ്ഐടിയാണ് രൂപീകരിച്ചത്. സുബീൻ പങ്കെടുക്കാനെത്തിയ പരിപാടിയുടെ സംഘാടകരുടെ വീട്ടിൽ എസ്ഐടി റെയ്ഡും നടത്തിയിരുന്നു.


സംഭവസ്ഥലത്ത് ആരൊക്കെ ഉണ്ടായിരുന്നോ, അവർ സംശയത്തിലാണ്. ഞങ്ങൾ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. സംഘാടകർ, മാനേജർമാർ, ടീമിലെ ആളുകൾ, ഞങ്ങൾ എല്ലാവരെയും സംശയിക്കുന്നു. സുബീന്റെ മരണം അശ്രദ്ധ മൂലമാണ്. നിയമവ്യവസ്ഥയിൽ ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ട്, അന്വേഷണം ശരിയായ രീതിയിൽ നടക്കുമെന്ന് ഞാൻ കരുതുന്നു. വേഗത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ആ ദിവസം എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയണം- ​ഗരിമ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.


സെപ്തംബർ 19നാണ് സിം​ഗപ്പൂരിൽ വച്ച് സ്കൂബാ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തിൽ സുബീൻ ഗാർ​ഗ് അന്തരിച്ചത്. മൂന്നുദിവസത്തെ നോർത്ത്‌ ഇ‍ൗസ്റ്റ്‌ മേളയ്‌ക്കായാണ് അസം സ്വദേശിയായ ​ഗായകൻ സിംഗപ്പൂരിലെത്തിയത്. അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഗാർഗിന് സിപിആർ നൽകി സിംഗപ്പൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. സ്കൂബ ഡൈവിങ്ങിനിടെ ഗാർഗിന് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി സിംഗപ്പൂരിലെ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ പ്രതിനിധി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


സുബീൻ ഗാർഗ് അസമീസ്, ബംഗാളി, ഹിന്ദി ഭാഷകളിൽ ​ഗാനം ആലപിച്ചിട്ടുണ്ട്. ഇമ്രാൻ ഹാഷ്മി, കങ്കണ റണാവത്ത് എന്നിവർ അഭിനയിച്ച ​ഗാങ്സ്റ്റർ എന്ന ചിത്രത്തിലെ യാ അലി എന്ന ഗാനത്തിലൂടെ പ്രശസ്തിയിലേക്ക് ഉയർന്നു. അനാമിക എന്ന ആൽബത്തിലൂടെ സംഗീത ലോകത്തിലേക്ക്‌ ചുവടുവച്ച സുബീൻ നിരവധി ഹിറ്റ്‌ ഗാനങ്ങൾ അവതരിപ്പിച്ചു. ക്രിഷ് 3 ലെ ദിൽ തു ഹി ബടാ ഉൾപ്പെടെ നിരവധി ഹിറ്റുകൾ നേടി. മണിരത്നം ചിത്രം ദിൽസേയിൽ എ ആർ റഹ്‍മാന്റെ സം​ഗീതസംവിധാനത്തിൽ ഒരുങ്ങിയ പോഖി പോഖി ബിദേഖി എന്ന ട്രാക്കും ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ വിവിധ ഭാഷകളിൽ ഈ ട്രാക്ക് പാടിയത് സുബീർ ​ഗാർ​ഗ് ആയിരുന്നു. ​നിരവധി ​ഗാനങ്ങൾ വിവിധ ഭാഷകളിലായി പാടിയ സുബീൻ ​ഗാർ​ഗ് സം​ഗീത സംവിധായകൻ, ​ഗാനരചയിതാവ്, അഭിനേതാവ്, നിർമാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home