Deshabhimani

print edition കൈയും കാലും ഒടിക്കാനുള്ള ലാത്തിവീശൽ: അബ്‌ദുൾ വഹാബ്

Delhi Protest
വെബ് ഡെസ്ക്

Published on Oct 13, 2026, 02:07 AM | 2 min read

പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരുടെ കൈയ്യും കാലും അടിച്ചൊടിക്കുകയെന്ന ഒറ്റലക്ഷ്യത്തോടെയാണ്‌ ഡൽഹി പൊലീസ്‌ ലാത്തി വീശിയത്‌. മിന്റോ റോഡിലെ പ്രതിഷേധത്തിനിടെ മുതിർന്ന നേതാവായ ബി വി രാഘവുലുവിനെ ഉൾപ്പടെ മർദ്ദിക്കുന്നത്‌ തടയാൻ ഞങ്ങൾ അദ്ദേഹത്തിന്‌ മുന്നിൽ മതിൽ പോലെ നിന്നു. പൊലീസ്‌ ഒരു ദാക്ഷിണ്യവുമില്ലാതെ ഞങ്ങളെ മർദ്ദിച്ചു. ലാത്തിയുടെ അഗ്രത്താൽ നെഞ്ചിലും വാരിയിലും കുത്തുന്നത്‌ പൊലീസിന്‌ വിനോദമാണ്‌. സംഘർഷത്തിനിടയ്‌ക്ക്‌,‍ നമ്മുക്ക്‌ അതിന്റെ വേദന അറിയില്ല. കുറച്ച്‌ കഴിഞ്ഞ്‌ വസ്‌ത്രം മാറ്റി നോക്കിയാൽ കുത്ത്‌ കൊണ്ട ഇടങ്ങളില്ലെല്ലാം ചോര കല്ലിച്ച്‌ ഉരുണ്ട്‌ കിടക്കും.


ശനിയാഴ്‌ച്ചത്തെ സമരത്തിൽ പൊലീസ് ആക്രമണത്തിൽ കാലിന്‌ ഗുരുതരമായി പരിക്കേറ്റതിനാൽ രണ്ട്‌ ദിവസം കാൽ നിലത്ത്‌ കുത്താനാകാതെ കിടപ്പിലായിരുന്നു. നാളെ ഞങ്ങൾ ഉത്തർപ്രദേശിലേക്ക്‌ മടങ്ങി അവിടെ എസ്‌ഐആറിന്‌ എതിരായ സമരങ്ങൾ ശക്തമാക്കും.


(എസ്‌എഫ്‌ഐ യുപി സംസ്ഥാന സെക്രട്ടറി)



പ്രതിഷേധം ഒറ്റക്കെട്ട്: രാഹുൽ


ന്യൂഡൽഹി: ഗ്യാനേഷ്‌ കുമാറിനും എസ്‌ഐആറിനും എതിരായ പ്രതിഷേധങ്ങൾ ഒന്നിച്ചാണെന്നും ഭിന്നതകളില്ലെന്നും പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി. വിവിധ പ്രതിപക്ഷ പാർടികളും സംഘടനകളും പ്രതിഷേധങ്ങൾ നടത്തുന്നുണ്ട്‌. എല്ലാ പ്രതിഷേധങ്ങളുടെയും ലക്ഷ്യം ഭരണഘടനയെ സംരക്ഷിക്കാനുള്ളതാണെന്നും രാഹുൽ പറഞ്ഞു. കേന്ദ്രസർക്കാരിലെ പ്രധാന തസ്‌തികളിലുള്ള ഇരുനൂറോളം ഉദ്യോഗസ്ഥർ പ്രതിപക്ഷത്തിന്‌ ഒപ്പമുണ്ടെന്നും രാഹുൽ അവകാശപ്പെട്ടു. സിബിഐ, ഇഡി, വിദേശകാര്യ മന്ത്രാലയം തുടങ്ങി ഏറെ പ്രാധാന്യമുള്ള ഏജൻസികളിലും മന്ത്രാലയങ്ങളിലും പ്രധാനതസ്‌തികകളിലുള്ള നിരവധി ഉദ്യോഗസ്ഥർ മോദി സർക്കാരിന്റെ ജനവിരുദ്ധ നടപടികളിൽ അസ്വസ്ഥരാണ്‌. അവർ പ്രതിപക്ഷവുമായി ബന്ധപ്പെട്ട്‌ സുപ്രധാന വിവരങ്ങൾ കൈമാറുന്നുണ്ടെന്നും രാഹുൽ പ
റഞ്ഞു.


അടിവയറ്റിൽ മർദിച്ചു: ജൂലിയ


ഞായറാഴ്‌ച വൈകിട്ട്‌ കൊണാട്ട്‌ പ്ലേസിൽ ഞങ്ങൾ നടത്തിയ ‘തിരംഗ റാലി’ക്ക്‌ (ത്രിവർണ പതാക റാലി) നേരെ വലിയ പൊലീസ്‌ അതിക്രമമുണ്ടായി. പുരുഷ പൊലീസുകാർ എന്റെ മാറിടത്തും അടിവയറ്റിലും മർദിച്ചു. കഴുത്തിൽ കുത്തിപ്പിടിച്ചതിനാൽ ശ്വാസമെടുക്കാൻ പോലും പ്രയാസപ്പെട്ടു. റോഡിലൂടെ വലിച്ചിഴച്ച്‌ ഞങ്ങളെ ബസുകളിലേക്ക്‌ തള്ളി. ‘വെള്ളം തരൂ’, ‘ശ്വാസമെടുക്കാൻ അനുവദിക്കൂ’ തുടങ്ങിയ ആവശ്യങ്ങളൊന്നും അവർ ചെവിക്കൊണ്ടില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പോലും പൊലീസുകാർ കണ്ണിൽച്ചോരയില്ലാതെ ഉപദ്രവിച്ചു. ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ എന്ന മുദ്രാവാക്യം എല്ലായിടത്തും എഴുതിവെച്ചിട്ടുള്ള മോദിസർക്കാരിന്റെ യഥാർഥ മുഖമാണ്‌ ഡൽഹി പൊലീസിന്റെ അതിക്രമങ്ങളിലൂടെ പുറത്തുവന്നത്‌.



വസ്ത്രം വലിച്ചുകീറി: ശരണ്യാവർമ ​


ഏറ്റവും മോശമായ രീതിയിലുള്ള പെരുമാറ്റമാണ്‌ ഡൽഹി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്‌. കഴിഞ്ഞദിവസം കൊണാട്ട്‌ പ്ലേസിൽ പ്രതിഷേധിക്കുകയായിരുന്ന എന്റെ പിന്നിലൂടെ വന്ന ഒരു പൊലീസുകാരി കുർത്ത പിടിച്ചുപൊക്കി. പൊതുജനങ്ങൾക്ക്‌ മുന്നിൽ ഞങ്ങളുടെ നഗ്നത പ്രദർശിപ്പിച്ച്‌ നാണംകെടുത്താനായിരുന്നു ശ്രമം. സാധാരണഗതിയിൽ പൊലീസുകാർ അറസ്റ്റ്‌ ചെയ്‌തുനീക്കുന്പോൾ, കൈകളിലോ അരക്കെട്ടിലോ ഒക്കെയാണ്‌ പിടിക്കാറുള്ളത്‌. എന്നാൽ, ഇപ്പോൾ മാറിടത്തിലും കാലുകൾക്കിടയിലുമാണ്‌ ബോധപൂർവം പിടിക്കുന്നത്‌. ദുരനുഭവങ്ങളുണ്ടായാൽ സമരത്തിൽ നിന്ന്‌ പിന്മാറുമെന്ന കണക്കുകൂട്ടലിലാണ്‌ ഇത്‌ ചെയ്യുന്നത്‌. കസ്റ്റഡിയിലെടുത്താൽ ആദ്യം മൊബൈൽ ഫോണുകൾ തട്ടിപ്പറിക്കും.


പരാതിപ്പെടാനോ നിയമവിരുദ്ധ നടപടികൾ ചിത്രീകരിക്കാനോ കഴിയാതിരിക്കാനാണിത്‌. ഞങ്ങളുടെ മൊബൈലുകളിലെ മുഴുവൻ ഫോട്ടോകളും വീഡിയോകളും ഡിലീറ്റ്‌ ചെയ്‌തു. ബസ്‌ ജയിലിൽ കയറ്റിയ ശേഷമുള്ള മർദനങ്ങളുടെ അനുഭവങ്ങൾ പലരും വിവരിച്ചിട്ടുള്ളതാണ്‌. ബസ്‌ ജയിലിലെ ഒരു സെല്ലിലേക്ക്‌ അഞ്ചും ആറും പേരെ കുത്തിനിറയ്‌ക്കുകയാണ്‌. സെല്ലിൽ അടച്ചപ്പോൾ പുറത്തായിരുന്ന എന്റെ ഒരു കാൽ അകത്തേക്കെടുക്കാൻ പോലും സാവകാശം നൽകാതെ വാതിൽ വലിച്ചടച്ചു. കാലിന്‌ സാരമായി പരിക്കേറ്റ എനിക്ക്‌ നടക്കാൻ വലിയ പ്രയാസമുണ്ട്‌.


കൈകൾ ഞെരിച്ചമർത്തി: നാദിയ


​ധർമേന്ദ്ര പ്രധാന്റെ രാജിക്കുശേഷം യുവജനങ്ങളെയും വിദ്യാർഥികളെയും ഒരിടത്ത്‌ കേന്ദ്രീകരിച്ച്‌ സമരം ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടിലാണ്‌ മോദിസർക്കാർ. അതിന്റെ ഭാഗമായി ശക്തമായ അടിച്ചമർത്തൽ നടപടികളുമായി അവർ മുന്നോട്ടുപോവുകയാണ്‌. ശനിയാഴ്‌ച കസ്റ്റഡിയിലെടുത്തപ്പോൾ എന്റെ ഫോൺ തട്ടിപ്പറിച്ചു. ഫോൺ മടക്കി നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ ബഹളമുണ്ടാക്കിയപ്പോൾ രണ്ട്‌ പൊലീസുകാരികൾ മർദിക്കാൻ തുടങ്ങി. കൈകൾ ഞെരിച്ചമർത്തി. ചോര കല്ലിച്ച പാടുകൾ ഇപ്പോഴും മാഞ്ഞിട്ടില്ല. ബസ്‌ ജയിലിലിട്ടും എന്നെയും സഹപ്രവർത്തകരെയും ക്രൂരമായി മർദിച്ചു. ‘പെയിൻ ടാക്‌റ്റിക്‌സ്‌’ (പീഡന തന്ത്രം) ആണ്‌ അവർ പയറ്റുന്നത്‌. സമരമുഖത്ത്‌ സ്ഥിരം കാണുന്ന പെൺകുട്ടികളെ പ്രത്യേകം ശ്രദ്ധിച്ച്‌ അവരുടെ ആത്മധൈര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ്‌ നടത്തുന്നത്‌. മാനസികമായും ശാരീരികമായും അതിനെ അതിജീവിക്കുകയെന്നത്‌ വലിയ വെല്ലുവിളിയാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home