1,100 കിലോമീറ്റര്‍ ദൂരത്ത് നിന്നും പടര്‍ന്ന തീ, ഗുജറാത്തിലെ ഉരുക്ക് നിര്‍മാണ ശാലയിൽ വൻ തൊഴിലാളി പ്രക്ഷോഭം,


എൻ എ ബക്കർ
Published on Feb 26, 2026, 05:41 PM | 3 min read
സൂറത്ത്: ഗുജറാത്തിലെ ഹസീറയിലുള്ള ആർസലർ മിത്തൽ നിപ്പോൺ സ്റ്റീൽ (AM/NS)പ്ലാന്റ് മേഖലയിൽ വൻ തൊഴിലാളി പ്രക്ഷോഭം. പതിനായിരത്തോളം തൊഴിലാളികൾ ശമ്പള വർദ്ധനവും കൃത്യതയില്ലാത്ത ജോലി സമയത്തിൽ മാറ്റവും ആവശ്യപ്പെട്ട് തെരുവിലിറങ്ങി. പ്രക്ഷോഭകരെ ബലം പ്രയോഗിച്ച് അടിച്ചമര്‍ത്താൻ ശ്രമിച്ചതോടെ വ്യാഴാഴ്ച വൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടു.
ഉരുക്കു ശാലയുടെ വിപുലീകരണവുമായി ബന്ധപ്പെട്ട് പ്രമുഖ നിർമ്മാണ കമ്പനിയായ എൽ ആൻഡ് ടി നടത്തുന്ന നിര്‍മ്മാണ പ്രവൃത്തികളിൽ ഏര്‍പ്പെട്ട തൊഴിലാളികളാണ് സമര രംഗത്തുള്ളത്.
സമര രംഗത്തുള്ള തൊഴിലാളികളെ പിരിച്ചുവിടാൻ പോലീസ് 35-ലധികം കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു.സംഭവവുമായി ബന്ധപ്പെട്ട് 20തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു കൊണ്ടു പോയി. ഇതേ തുടര്‍ന്ന് തൊഴിലാളികൾ നടത്തിയ കല്ലേറിൽ പ്ലാന്റ് പരിസരത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവച്ചു.
പാനിപ്പത്തിൽ നിന്നും പടര്‍ന്ന സമര തീ
ഹരിയാനയിലെ പാനിപ്പത്തിൽ ഐഒസി (IOC)റിഫൈനറിയിൽ എൽ ആൻഡ് ടി തൊഴിലാളികൾ സമാനമായി സമര രംഗത്താണ്. കൂലി കുറവും ജോലി സമയം കൂടുതലും കാരണം വലഞ്ഞവരാണ് അവിടെ സമര രംഗത്ത് ഇറങ്ങിയത്. സുരക്ഷയില്ലാത്ത സാഹചര്യത്തിലാണ് തൊഴിൽ.
പാനിപ്പത്തിലെ തൊഴിലാളികളുടെ പ്രതിഷേധ രംഗങ്ങൾ ഉൾപ്പെടുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചു. അവരുടെ ആവശ്യങ്ങളും അവശതകളും പുറത്തു വന്നു. അവര്‍ നേരിടുന്ന കഷ്ടതകൾ ലോകത്തിനൊപ്പം ഇതര തൊഴിലാളികളും അറിഞ്ഞു. ഇതോടെ, ഹസീറയിലും ചൂഷണത്തിന് വിധേയമാവുന്ന തൊഴിലാളികൾ തങ്ങളുടെ നില തിരിച്ചറിഞ്ഞ് ഐക്യപ്പെട്ടു. സമൂഹ മാധ്യമങ്ങൾ തൊഴിലാളികളുടെ അച്ചടക്കം കളഞ്ഞു എന്നാണ് അധികൃതരുടെ വിശദീകരണം.
ഗുജറാത്തിലെ ആർസലർ മിത്തൽ നിപ്പോൺ സ്റ്റീൽ പ്ലാന്റിന്റെ നിലവിലെ ശേഷി 9ദശലക്ഷം ടണ്ണാണ്.ഇതിൽ നിന്ന് 15ദശലക്ഷം ടണ്ണായി വികസിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ ജോലികളാണ് നടക്കുന്നത്. എൽ എൻ ടിയാണ് ഇതിന്റെ കരാര്‍ എടുത്തത്. എന്നാൽ പ്രദേശത്തെ പാവപ്പെട്ട തൊഴിലാളികളെ ക്രൂരമായി ചൂഷണം ചെയ്യുന്ന സാഹചര്യമാണെന്ന് പരാതികൾ നിലനിൽക്കുന്നു. ഹരിയാനയിലെ പാനിപ്പത്തിലെ സമാനമായ ചൂഷണ സാഹചര്യം ഇവിടെയും തൊഴിലാളികൾ നേരിട്ടു.
സംസ്ഥാന സർക്കാർ പുതിയ തൊഴിൽ നിയമങ്ങൾ (Labour Code)വിജ്ഞാപനം ചെയ്യുന്ന മുറയ്ക്ക് ഡിമാന്റുകൾ അനുവദിച്ചു നൽകാം എന്ന നിലപാടാണ് കമ്പനി അധികാരികൾ തന്ത്രപരമായി മുന്നോട്ട് വെച്ചത്. പുതിയ ലേബര്‍ കോഡ് വ്യവസ്ഥകൾ നിര്‍മ്മാണ തൊഴിലാളികളുടെ ഇപ്പോഴത്തെ സാഹചര്യത്തെ തന്നെയും വഷളാക്കുന്നതാണ്. ഇത് മറച്ച് വെച്ച് ലേബര്‍ കോഡിന്റെ പേരിൽ സമരത്തെ തണുപ്പിക്കാനുള്ള ശ്രമമാണ്.
എൽ ആൻഡ് ടി അധികൃതർ തൊഴിലാളികളുമായി ചർച്ചകൾ നടത്തി എങ്കിലും അവര്‍ വഴങ്ങിയില്ല. തന്ത്രങ്ങൾ അവര്‍ തിരിച്ചറിഞ്ഞു. സ്ഥിതിഗതികൾ ശാന്തമാക്കാൻ എന്ന പേരിൽ പ്ലാന്റ് പരിസരത്ത് വൻ തോതിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.
പേര് കരാര്‍ തൊഴിൽ, കരാറുമില്ല രേഖയുമില്ല
എൽ ആൻഡ് ടി കമ്പനിക്ക് നേരിട്ടുള്ള തൊഴിലാളികൾ ഇല്ല. കമ്പനിയിൽ നിന്നുള്ള കൃത്യമായ ആനുകൂല്യങ്ങൾ ഇവർക്ക് ലഭിക്കാനോ അവകാശപ്പെടാനോ കഴിയില്ല. ഈ വിവേചനമാണ് സമരത്തിലേക്ക് നയിച്ച ഏറ്റവും വലിയ ഘടകം.
കേവലം ശമ്പള വർദ്ധനവ് മാത്രമല്ല, മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട ഗൗരവകരമായ മറ്റ് പ്രശ്നങ്ങളും ഈ പ്രതിഷേധത്തിന് പിന്നിൽ നീറിപ്പടരുന്നു. ദിവസവും 12 മണിക്കൂർ വരെ ജോലി എടുപ്പിക്കുന്നുണ്ടെന്നും എന്നാൽ 8 മണിക്കൂറിനുള്ള പ്രതിഫലം മാത്രമാണ് നൽകുന്നതെന്നും തൊഴിലാളികൾ ചൂണ്ടി കാണിക്കുന്നു.
ഓവർടൈം ജോലിക്ക് ഇരട്ടി വേതനം (Double Overtime Pay) നൽകണമെന്ന നിയമപരമായ അവകാശം ഇവിടെ കേട്ടുകേൾവി മാത്രമാണ്. ഇങ്ങനെ ഒരു അവകാശത്തെ കുറിച്ച് അറിവില്ലെന്നും തൊഴിലാളികൾ പരാതിപ്പെടുന്നു. അതുപോലെ തന്നെ ഉയരത്തിൽ കയറിയുള്ള നിർമ്മാണം തുടങ്ങിയവ അപകടസാധ്യതയുള്ള ജോലികൾ ചെയ്യുന്നവര്‍ക്കും അധിക വേതനം അവകാശമാണ്. പക്ഷേ, ഇവിടെ പ്രതിദിനം 600 മുതൽ 700 രൂപ വരെ മാത്രമാണ് ലഭിക്കുന്നത്.
ജോലിസ്ഥലത്ത് കുടിവെള്ളം, ശുചിമുറികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇവിടെ ലഭ്യമല്ല. പരിമിതമായ സൗകര്യങ്ങളിൽ പതിനായിരത്തിലധികം തൊഴിലാളികൾ ജീവൻ പണയപ്പെടുത്തിയുള്ള തൊഴിലുകൾ ചെയ്യുന്നു.
പാനിപ്പത്തിൽ രക്തസാക്ഷിയായ തൊഴിലാളി
ഹരിയാനയിലെ പാനിപ്പത്തിലുള്ള എൽ ആൻഡ് ടി സൈറ്റിൽ ഒരു തൊഴിലാളി വീണു മരിച്ചതിനെത്തുടർന്നാണ് പ്രക്ഷോഭം തുടങ്ങിയത്. സാഹസികമായ ഉയരത്തിൽ തൊഴിൽ ചെയ്യുന്നതിനിടെയാണ് കൊടും ചൂടിൽ നിലതെറ്റി വീണത്. ചൂഷണത്തിനിരയായുള്ള രക്തസാക്ഷിത്വം മറ്റുള്ളവരിലേക്ക് പോരാട്ടത്തിന്റെ ഉണര്‍വ്വ് പകര്‍ന്നു.
അവിടെയുള്ള ആയിരക്കണക്കിന് തൊഴിലാളികൾ തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയര്‍ത്തി. ഈ പ്രതിഷേധം വലിയ ചർച്ചയായിരുന്നു. ഇതിന്റെ വീഡിയോകൾ പ്രചരിച്ചതാണ് ഹസീറയിലെ തൊഴിലാളികളെയും തങ്ങളുടെ നിലയെ കുറിച്ച് ഓര്‍മ്മപ്പെടുത്തിയത്.
1,100 കിലോമീറ്റര്‍ ദൂരത്തിലെ ഐക്യം
പാനിപ്പത്തും (ഹരിയാന) ഹസീറയും (ഗുജറാത്ത്) തമ്മിൽ ഏകദേശം 1,100 കിലോമീറ്ററിലധികം ദൂരമുണ്ടെങ്കിലും, തൊഴിലാളികൾ നേരിടുന്ന സമാനമായ ചൂഷണങ്ങളും പ്രയാസങ്ങളും അവരെ ഒന്നിപ്പിച്ചു. പാനിപ്പത്തിലെ എൽ ആൻഡ് ടി സൈറ്റിൽ തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തിന്റെ വീഡിയോകൾ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകൾ വഴി അതിവേഗം ഹസീറയിലെ തൊഴിലാളികളിലേക്ക് എത്തി. തങ്ങൾ അനുഭവിക്കുന്ന അതേ വിവേചനം മറ്റൊരിടത്ത് ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്ന തിരിച്ചറിവ് അവർക്ക് വലിയ ആത്മവിശ്വാസം നൽകി.
രണ്ട് സംസ്ഥാനങ്ങളിലാണെങ്കിലും പ്രധാന കരാറുകാർ എൽ ആൻഡ് ടി (L&T) തന്നെയാണ്. കമ്പനിയുടെ നയങ്ങൾ എല്ലായിടത്തും ഒരുപോലെയായതിനാൽ ചൂഷണവും എതിരായ അവകാശങ്ങളും വേഗം തിരിച്ചറിയപ്പെട്ടു. ഇത്തരം വലിയ നിർമ്മാണ മേഖലകളിൽ ജോലി ചെയ്യുന്നവരിലധികവും ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ്. ഇവർക്കിടയിലുള്ള പരസ്പര ബന്ധവും ആശയവിനിമയവും ഇത്തരമൊരു പാൻ-ഇന്ത്യൻ തലത്തിലുള്ള തൊഴിലാളി ഐക്യത്തിന് എളുപ്പം തുറസ്സ് നൽകി.
പുതിയ ലേബർ കോഡ് (Labour Codes) നടപ്പിലാക്കുമ്പോൾ തങ്ങളുടെ അവകാശങ്ങൾ ഇനിയും കവർന്നെടുക്കപ്പെടുമെന്ന ആശങ്കയും ഇവര്‍ക്കിടയിൽ ശക്തമാണ്. സുരക്ഷിതമായ ജോലി സാഹചര്യവും ന്യായമായ വേതനവും ഉറപ്പാക്കാൻ കൂട്ടായ മുന്നേറ്റത്തിലേക്ക് ഉണരുന്നു.









0 comments