print edition ലഖിംപുർ ഖേരി കർഷക കൂട്ടക്കൊല: വിചാരണക്കോടതി ജഡ്‌ജിയെ മാറ്റി

ന്യൂഡൽഹി: യുപിയിലെ ലഖിംപുർഖേരി കർഷക കൂട്ടക്കൊലക്കേസിന്റെ വിചാരണയ്‌ക്ക് മേൽനോട്ടം വഹിച്ച ജില്ലാ ജഡ്‌ജി ശിവ് കുമാർ സിങ്ങിനെ മാറ്റി അലഹബാദ് ഹൈക്കോടതി. പക്ഷപാതിത്വം കാട്ടുന്നുവെന്ന പരാതിയിൽ സുപ്രീംകോടതി നടത്തിയ ഇടപെടലിനെ തുടർന്നാണ് നടപടി. ലോകേഷ് റായ് പുതിയ ജഡ്‌ജിയായി ചുമതലയേറ്റു.
സാക്ഷിവിസ്‌താരം ശിവ്കുമാർ സിങ് വൈകിക്കുന്നതിനെ സുപ്രീംകോടതി വിമർശിച്ചിരുന്നു. വിചാരണ സമയബന്ധിതമായി തീർക്കണമെന്നും അനാവശ്യ തിടുക്കം കാട്ടരുതെന്നും സുപ്രീംകോടതി പുതിയ ജഡ്‌ജിയോട് നിർദേശിച്ചു. സാക്ഷികളിൽ 90 പേരെ ഇതിനകം വിസ്തരിച്ചുവെന്നും 41 പേർ ബാക്കിയുണ്ടെന്നും യുപി സർക്കാർ പറഞ്ഞു. പുരോഗതിയിൽ ഹർജിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ തൃപ്‌തി അറിയിച്ചു.
കേസിലെ മുഖ്യപ്രതിയും ബിജെപിയുടെ മുൻ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയ്‌ക്ക് ലഖ്‌നൗവിലെ വസതിയിൽ ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ തിങ്കളാഴ്‌ച സുപ്രീംകോടതി അനുമതി നൽകി.
2021 ഒക്ടോബർ മൂന്നിന് ആശിഷ് മിശ്രയും സംഘവും വാഹനം ഓടിച്ചുകയറ്റി നാല് കർഷകരെയും മാധ്യമപ്രർത്തകനെയും കൊല്ലുകയായിരുന്നു.








0 comments