print edition ലഖിംപുർഖേരിയിൽ അലയടിച്ച് കർഷക പ്രതിഷേധം

ന്യൂഡൽഹി
രാജ്യത്തെ കാർഷികമേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ച ഉത്തർപ്രദേശ് ലഖിംപുർഖേരിയിൽ മഹാസമ്മേളനം സംഘടിപ്പിച്ചു. ടിക്കുണിയയിലെ കൗട്യാല ഘാട്ട് ഗുരുദ്വാരയിൽ ചേർന്ന സമ്മേളനത്തിൽ ആയിരക്കണക്കിന് കർഷകർ അണിനിരന്നു. മിനിമംതാങ്ങുവിലയും സംഭരണവും ഉറപ്പാക്കണം, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളണം, വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങൾ ഉപേക്ഷിക്കണം, വന്യജീവികളിൽനിന്ന് വിള സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.
ഫെബ്രുവരി 12ലെ അഖിലേന്ത്യാ പൊതുപണിമുടക്കിന് കർഷകർ പിന്തുണ പ്രഖ്യാപിച്ചു.
2025 ൽ നെല്ലിന് ക്വിന്റലിന് 2369 രൂപ മിനിമം താങ്ങുവില ഉറപ്പാക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാത്ത ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെ കർഷകർ രൂക്ഷമായി വിമർശിച്ചു.
കരിന്പുകർഷകർക്കുള്ള കുടിശ്ശിക വിതരണം ചെയ്യുന്നതിൽ വലിയ കാലതാമസം വരുത്തുന്ന യുപി സർക്കാരിന്റെ ഉദാസീനതയെയും സമ്മേളനം അപലപിച്ചു. വൈദ്യുതി ഭേദഗതി ബിൽ, വിത്തുഭേദഗതി ബിൽ, വിബി–ജി ആർഎഎംജി നിയമം തുടങ്ങിയ ജനദ്രോഹ നിയമനിർമാണങ്ങൾ അടിയന്തിരമായി പിൻവലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എസ്‌കെഎം നേതാക്കളായ രാകേഷ് ടിക്കായത്ത്, പി കൃഷ്‌ണപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.










0 comments