print edition പുതിയ തൊഴിൽ കോഡുകൾ ; കരടുചട്ടം വിജ്ഞാപനം ചെയ്‌തു

ന്യൂഡൽഹി
രാജ്യത്തെ തൊഴിലാളികളുടെയും ജീവനക്കാരുടെയും അവകാശങ്ങളെ അപ്പാടെ അട്ടിമറിക്കുന്ന പുതിയ ലേബർ കോഡുകൾ നടപ്പാക്കുന്നതിനായുള്ള കരടുചട്ടങ്ങൾ കേന്ദ്ര തൊഴിൽ മന്ത്രാലയം വിജ്‌ഞാപനം ചെയ്‌തു. വേതന, സാമൂഹ്യസുരക്ഷ, വ്യവസായബന്ധം, തൊഴിലിടസുരക്ഷ–ആരോഗ്യ–തൊഴിൽ സാഹചര്യങ്ങൾ എന്നിങ്ങനെ നാല് ലേബർ കോഡുകളുടെ കരടുചട്ടങ്ങളാണ് പ്രസിദ്ധീകരിച്ചത്. ഭേദഗതികൾ നിർദേശിക്കാൻ 45 ദിവസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. അന്തിമചട്ടങ്ങൾ മാർച്ചിൽ പ്രസിദ്ധപ്പെടുത്താനാണ് ശ്രമം. ഏപ്രിൽ ഒന്ന് മുതൽ പുതിയ ലേബർ കോഡുകൾ പ്രാബല്യത്തിലാക്കുമെന്ന് തൊഴിൽമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
അതുവരെ പഴയ തൊഴിൽ ചട്ടങ്ങളായിരിക്കും പ്രാബല്യത്തിലെന്നും മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഇടതുപക്ഷം അടക്കമുള്ള പ്രതിപക്ഷ പാർടികളുടെ കടുത്ത എതിർപ്പുകളെ അവഗണിച്ച് പാർലമെന്റിൽ ഏകപക്ഷീയമായി പാസാക്കിയ ലേബർ കോഡുകൾ രാജ്യമാകെ പ്രാബല്യത്തിൽ വന്നതായി കഴിഞ്ഞ നവംബറിലാണ് സർക്കാർ പ്രഖ്യാപിച്ചത്. സിഐടിയു ഉൾപ്പെടെയുള്ള ട്രേഡ്‌യൂണിയനുകൾ ലേബർ കോഡുകൾ ഏകപക്ഷീയമായി നടപ്പാക്കുന്നതിനെതിരായി ഫെബ്രുവരി 22ന് അഖിലേന്ത്യ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ ലേബർ കോഡുകൾ പ്രകാരമുള്ള ഗ്രാറ്റ്യുവിറ്റി ചട്ടങ്ങൾക്ക് നവംബർ 21 മുതലുള്ള മുൻകാല പ്രാബല്യമുണ്ടാകുമെന്ന് തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചു. പുതിയ ലേബർ കോഡുകൾ പ്രകാരം മുന്നൂറിൽ താഴെ ജീവനക്കാരുള്ള ഏതൊരു സ്ഥാപനത്തിനും ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടാനാകും. സ്ഥാപനം എപ്പോൾ വേണമെങ്കിലും അടച്ചുപൂട്ടാം. സ്ഥിരം തൊഴിൽ സങ്കൽപ്പം അവസാനിപ്പിച്ച് നിശ്‌ചിതകാലത്തേക്ക് മാത്രമായി ജീവനക്കാരെ നിയമിക്കാനും തൊഴിലുടമകൾക്ക് അധികാരം ലഭിക്കും.
തൊഴിലാളികൾക്ക് സംഘടിക്കാനും യൂണിയനുകളും മറ്റും രൂപീകരിച്ച് പണിമുടക്ക് അടക്കമുള്ള അവകാശസമരങ്ങളിലേക്ക് നീങ്ങാനും കഴിയാത്ത വിധം ചട്ടങ്ങൾ കടുപ്പിച്ചിട്ടുമുണ്ട്. ദിവസം എട്ടുമണിക്കൂർ തൊഴിൽ എന്നത് അവസാനിപ്പിച്ച് 12ഉം 14 ഉം മണിക്കൂർവരെ ജോലിയെടുപ്പിക്കാനും തൊഴിലുടമകൾക്ക് പുതിയ ലേബർ കോഡുകളിലൂടെ സാധിക്കും.










0 comments