മണിപ്പൂരിൽ സുരക്ഷാ സേനയുടെ വെടിവയ്പ്പിൽ കുക്കി വനിത കൊല്ലപ്പെട്ടു

ഫയൽ ചിത്രം
ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം കനക്കുകയാണ്. സുരക്ഷാ സേനയും കുക്കികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കുക്കി വനിത കൊല്ലപ്പെട്ടു. ചുരാചന്ദ്പൂർ ജില്ലയിലെ ലാങ്ചിംഗ്മാൻബി സ്വദേശി ഹോയ്ഖോൾഹിംഗ് ആണ് സുരക്ഷാ സേനയുടെ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. ലാങ്ചിംഗ്മാൻബി ഗ്രാമമുഖ്യൻ ഖയ്‌ഖൊഗിൻ ഹോകിപിന്റെ പങ്കാളിയാണ് ഹോയ്ഖോൾഹിംഗ്. മൃതദേഹം ചുരാചന്ദ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം നെൽവയലിൽ ജോലി ചെയ്യുന്നതിനിടെ മെയ്‌ത്തീ കർഷകന് അഞ്ജാതന്റെ വെടിയേറ്റിരുന്നു. ബിഷ്ണുപൂർ ജില്ലയിലെ ഫുബല അവാങ് മാനിംഗ് ലെയ്കായ് സ്വദേശിയായ നിങ്തൗജം ബിരേൻ സിങ്ങിനാണ് വെടിയേറ്റത്. വൈകുന്നേരം 3 മണിയോടെ അജ്ഞാതനായ ഒരു ആയുധധാരി വെടിയുതിർക്കുകയായിരുന്നു. കർഷകന് ഇടതുകൈയിൽ വെടിയേറ്റതായി മണിപ്പൂർ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. പിന്നാലെയാണ് കുക്കി സംഘവും സുരക്ഷ സേനയും ഏറ്റുമുട്ടിയത്.
സംഭവങ്ങളുമായി ബന്ധപ്പെട്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. കൂടുതൽ അക്രമം തടയുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമായി സംഭവസ്ഥലത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. വെടിവെപ്പിൽ പ്രതിഷേധിച്ച് ഫുബാലയിൽ പ്രാദേശിക ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. കർഷകരുടെ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ്.









0 comments