കൊൽക്കത്ത കൂട്ടബലാൽസംഗം അന്വേഷണത്തിന് അഞ്ചംഗ സംഘം

കൊൽക്കത്ത> കൊൽക്കത്തയിൽ പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. അഞ്ച് പേരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുക. എസിപി പ്രദീപ് കുമാർ ഘോഷാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക
.
കൊൽക്കത്തയിലെ കസ്ബ പ്രദേശത്തുള്ള സൗത്ത് കൽക്കട്ട ലോ കോളേജിലാണ് ബുധനാഴ്ച വൈകുന്നേരം ആക്രമണം നടന്നത്. ലോ കോളേജിലെ മുൻ വിദ്യാർഥിയും തൃണമൂൽ കോൺഗ്രസ് വിദ്യാർഥി സംഘടന നേതാവുമായ മനോജിത് മിശ്ര (31), നിലവിലെ വിദ്യാർഥികളായ സായിബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പ്രതികളെയും വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
സൗത്ത് കൊൽക്കത്ത ലോ കോളേജ് ക്യാമ്പസിനുള്ളിൽ വച്ചാണ് വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. ഇരുപത്തിനാലുകാരിയായ വിദ്യാർഥി പരീക്ഷ സംബന്ധിച്ച അപേക്ഷകൾ സമർപ്പിക്കാനായി ഉച്ചയ്ക്ക് 12 ഓടെയാണ് കോളേജിൽ എത്തിയത്. പ്രതികൾ യുവതിയെ ബലമായി സെക്യൂരിറ്റി റൂമിനുള്ളിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. മനോജിത് മിശ്ര യുവതിയെ ഉപദ്രവിച്ച സമയത്ത് മറ്റ് രണ്ട് വിദ്യാർഥികൾ റൂമിന് പുറത്ത് കാവൽ നിന്നെന്ന് യുവതി മൊഴിയിൽ പറഞ്ഞു. സെക്യൂരിറ്റിയും റൂമിന് പുറത്തുനിന്നുവെന്നും മൊഴിയിൽ അതിജീവിത പറഞ്ഞു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സുരക്ഷ ജീവനക്കാരനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിൽ ജൂനിയൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം നടന്ന് ആറ് മാസത്തിനുള്ളിലാണ് അടുത്ത കേസും റിപ്പോർട്ട് ചെയ്യുന്നത്. പ്രതിയെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനുമുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നു കാണിച്ച് ഡോക്ടർമാർ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കിയിരുന്നു. രൂക്ഷ വിമർശനം ഉന്നയിച്ച കൊൽക്കത്ത ഹൈക്കോടതി ഈ കേസ് സിബിഐക്ക് വിടുകയായിരുന്നു.








0 comments