ബംഗാളിൽ വിജയാഹ്ലാദത്തിനിടെ ബുൾഡോസർ രാജ്; കൊൽക്കത്തയിൽ തൃണമൂൽ ഓഫീസ് തകർത്തു, വ്യാപക അക്രമം

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കൊൽക്കത്തയിൽ വ്യാപക അക്രമം. ചരിത്രപ്രസിദ്ധമായ ന്യൂ മാർക്കറ്റ് മേഖലയിൽ തൃണമൂൽ കോൺഗ്രസ് ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ബിജെപി പ്രവർത്തകർ വിജയാഹ്ലാദത്തിനിടെ ബുൾഡോസറുമായി എത്തി പാർട്ടി ഓഫീസും സമീപത്തെ കടകളും തകർക്കുകയായിരുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടിയതിന് പിന്നാലെയാണ് കൊൽക്കത്തയിലെ ഹോഗ് മാർക്കറ്റ് (ന്യൂ മാർക്കറ്റ്) പരിസരത്ത് സംഘർഷമുണ്ടായത്. ബുൾഡോസറിൽ ബിജെപി പതാക കെട്ടി മുകൾഭാഗത്ത് കയറിയിരുന്ന് പ്രവർത്തകർ ആക്രോശിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ബംഗാളിലേക്ക് ബിജെപി ബുൾഡോസർ രാഷ്ട്രീയം ഇറക്കുമതി ചെയ്യുകയാണെന്ന് തൃണമൂൽ കോൺഗ്രസ് കുറ്റപ്പെടുത്തി. ന്യൂ മാർക്കറ്റിലെ യൂണിയൻ ഓഫീസാണ് പ്രധാനമായും ലക്ഷ്യം വെച്ചത്. മാംസവിൽപ്പനശാലകൾ ഉൾപ്പെടെയുള്ള നിരവധി കടകൾക്ക് നേരെ അക്രമമുണ്ടായി.
സമാധാനപരമായി കച്ചവടം നടത്തുന്നവരെ ബിജെപി ഗുണ്ടകൾ ഭീഷണിപ്പെടുത്തുകയായിരുന്നു. അക്രമം നടക്കുമ്പോൾ കേന്ദ്ര സേനയും പൊലീസും നോക്കിനിന്നുവെന്നും തൃണമൂൽ ആരോപിക്കുന്നു. മുർഷിദാബാദിലെ ജിയാഗഞ്ചിൽ ലെനിന്റെ പ്രതിമയും ഒരു സംഘം തകർത്തു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തൃണമൂൽ-ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുകൾ തുടരുകയാണ്. സംഘർഷം നിയന്ത്രിക്കാൻ കൊൽക്കത്തയുടെ വിവിധ ഭാഗങ്ങളിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.










0 comments