കൊൽക്കത്ത കൂട്ടബലാത്സംഗം: ഒരാൾ കൂടി അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമബംഗാളിൽ നിയമ വിദ്യാർഥിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ലോ കോളേജിലെ സെക്യൂരിറ്റി ഗാർഡിനെയും അറസ്റ്റ് ചെയ്തതായി അന്വേഷണ സംഘം അറിയിച്ചു. കേസിൽ ചോദ്യം ചെയ്യുന്നതിനായി കോളേജിലെ സെക്യൂരിറ്റി ഗാർഡിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ജീവനക്കാരന്റെ മറുപടികൾ പരസ്പരവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ന് രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോളേജ് പരിസരത്ത് സ്ഥാപിച്ച സിസിടിവിയിൽ നിന്നും ഇയാൾ കൃത്യസമയത്ത് പ്രദേശത്ത് ഉണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്.
തൃണമൂൽ വിദ്യാർഥി സംഘടന നേതാവ് മനോജിത്ത് മിശ്ര ഉൾപ്പെടെ പ്രതികളായ കേസിൽ മമത സർക്കാർ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കങ്ങൾ നടത്തുകയാണെന്ന ആരോപണം ഉയർന്നിരുന്നു. ലോ കോളേജിലെ സെക്യൂരിറ്റി ഗാർഡിനെയും അറസ്റ്റ് ചെയ്തതോടെ കേസിൽ അറസ്റ്റിലാവരുടെ എണ്ണം നാലായി. മറ്റ് രണ്ട് പേർ ലോ കോളേജ് വിദ്യാർഥികളാണ്. വിവാഹ അഭ്യർഥന നിരസിച്ചതിനാണ് തൃണമൂൽ നേതാവ് ക്രൂരമായി മർദ്ദിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു.
കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അസിസ്റ്റന്റ് കമീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അഞ്ചംഗ പ്രത്യേക അന്വേഷണ സംഘമാണ് (എസ്‌ഐടി) രൂപീകരിച്ചത്. ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് ആറ് മാസത്തിനകമാണ് വീണ്ടും സമാന സംഭവം ബംഗാളിൽ റിപ്പോർട്ട് ചെയ്യുന്നത്. മമതാ സർക്കാരിനെതിരെ ശക്തമായ പ്രധിഷേധം ഉയർന്നതിന് പിന്നാലെയാണ് കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
സൗത്ത് കൊൽക്കത്ത ലോ കോളേജ് ക്യാമ്പസിനുള്ളിൽ വച്ചാണ് വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. ഇരുപത്തിനാലുകാരിയായ വിദ്യാർഥി പരീക്ഷ സംബന്ധിച്ച അപേക്ഷകൾ സമർപ്പിക്കാനായി ഉച്ചയ്ക്ക് 12 ഓടെയാണ് കോളേജിൽ എത്തിയത്. പ്രതികൾ യുവതിയെ ബലമായി സെക്യൂരിറ്റി റൂമിനുള്ളിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. മനോജിത് മിശ്ര യുവതിയെ ഉപദ്രവിച്ച സമയത്ത് മറ്റ് രണ്ട് വിദ്യാർഥികൾ റൂമിന് പുറത്ത് കാവൽ നിന്നെന്ന് യുവതി മൊഴിയിൽ പറഞ്ഞു. സെക്യൂരിറ്റിയും റൂമിന് പുറത്തുനിന്നുവെന്നും മൊഴിയിൽ അതിജീവിത പറഞ്ഞു.
കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിൽ ജൂനിയൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം നടന്ന് ആറ് മാസത്തിനുള്ളിലാണ് അടുത്ത കേസും റിപ്പോർട്ട് ചെയ്യുന്നത്. പ്രതിയെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനുമുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നു കാണിച്ച് ഡോക്ടർമാർ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കിയിരുന്നു. രൂക്ഷ വിമർശനം ഉന്നയിച്ച കൊൽക്കത്ത ഹൈക്കോടതി ഈ കേസ് സിബിഐക്ക് വിടുകയായിരുന്നു.
ലോക്സഭ എംപിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയോടൊപ്പം മിശ്ര നിൽക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സഹോദര പുത്രൻ കൂടിയാണ് മിശ്ര എന്നതും സർക്കാരിനെ ചോദ്യമുനയിൽ നിർത്തിയിരിക്കുകയാണ്. അതേസമയം, സംഭവത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇതുവരെയും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.








0 comments