print edition കൊളത്തൂരിൽ ഇവിഎം ക്രമക്കേടെന്ന് പരാതി

ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പരാജയപ്പെട്ട കൊളത്തൂർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന് പരാതി. വോട്ടിങ് യന്ത്രങ്ങൾ, വിവി പാറ്റ് എന്നിവയുടെ പരിശോധനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയെന്നും കോടതിയെ സമീപിക്കുമെന്നും ഡിഎംകെ അറിയിച്ചു.
ടിവികെയുടെ വി എസ് ബാബുവിനോട് പരാജയപ്പെട്ടതിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി സ്റ്റാലിൻ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. ഇത് പ്രകാരം മണ്ഡലത്തിലെ 14 പോളിങ് സ്റ്റേഷനുകളിലെ യന്ത്രങ്ങൾ പരിശോധിച്ചപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. കൺട്രോൾ യൂണിറ്റിലെയും ബാലറ്റ് യൂണിറ്റുകളിലെയും വിലാസം രേഖപ്പെടുത്തേണ്ട ടാഗുകളിൽ മണ്ഡലം, പോളിങ് സ്റ്റേഷൻ നമ്പർ, യന്ത്രത്തിന്റെ സീരിയൽ നമ്പർ, ഉദ്യോഗസ്ഥരുടെ ഒപ്പ് എന്നിവയുണ്ടായിരുന്നില്ലെന്ന് ഡിഎംകെയുടെ അഭിഭാഷകൻ എൻ ആർ ഇളങ്കോ ചൂണ്ടിക്കാട്ടി. പുതിയ ടാഗുകൾ പതിപ്പിച്ചെന്നും സീൽ ചെയ്യേണ്ട മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും കണ്ടെത്തി.
ഇതോടെ ഡിഎംകെ പ്രതിനിധികൾ പരിശോധന ബഹിഷ്കരിച്ചു.
പരിശോധന പൂർത്തിയാക്കിയ എട്ട് യന്ത്രങ്ങളിൽ 30 ശതമാനത്തിലും ക്രമക്കേടുകളുണ്ട്. പരാതിയുമായി ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കും– ഇളങ്കോവൻ പറഞ്ഞു. ഡിഎംകെ പ്രതിനിധികളുടെ സാന്നിധ്യമില്ലാതെ പരിശോധന പൂർത്തിയാക്കാനാണ് കമീഷന്റെ നീക്കം. ക്രമക്കേട് നടന്നില്ലെന്നും ടാഗിലേത് എഴുത്തുപിശകാണെന്നുമാണ് ഉദ്യോഗസ്ഥരുടെ വാദം.










0 comments