"രാജ്യത്തേക്കാൾ വലുതാണോ രാഹുൽഗാന്ധിക്ക് ബിഎംഡബ്ല്യു ഓടിക്കുന്നത്?" ഉത്തരമില്ലാതെ കൊടിക്കുന്നില്‍

കൊടിക്കുന്നിൽ സുരേഷ്, രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജ്യത്തെ ഗുരുതരമായി ബാധിക്കുന്ന ബില്ലുകൾ പാർലമെന്റിൽ ചർച്ച ചെയ്യുമ്പോൾ ലോക്സഭാ പ്രതിപക്ഷ നേതാവ് നേതാവ് രാഹുൽ ഗാന്ധി വിദേശത്ത് ഉല്ലാസയാത്ര നടത്തുന്നതിൽ ഉത്തരംമുട്ടി കൊടിക്കുന്നിൽ സുരേഷ് എംപി. ജനദ്രോഹ ബില്ലുകൾക്കെതിരെ പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധിക്കുമ്പോൾ രാഹുൽ എവിടെ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കൊടിക്കുന്നിലിന് ഉത്തരമുണ്ടായില്ല.
രാജ്യത്ത് ഇത്രയും പ്രതിഷേധങ്ങൾ നടക്കുമ്പോൾ, രാഹുൽ ഗാന്ധി വിദേശത്ത് ബിഎംഡബ്ല്യുവിന്റെ ഷോറൂമിൽ പോകുകയും വാഹനം ഓടിക്കുകയുമാണല്ലോ എന്നും അതിന്റെ വീഡിയോകളും ഫോട്ടോകളും കോൺഗ്രസ് തന്നെ പങ്കുവെക്കുന്നതും ശരിയാണോ എന്ന് മാധ്യമങ്ങൾ കൊടിക്കുന്നിലിനോട് ചോദിച്ചു. രാഹുലിന്റെ യാത്ര മുൻകൂട്ടി നിശ്ചയിച്ചതായിരുന്നുവെന്നും അദ്ദേഹം പാർടിയെ അറിയിച്ചിരുന്നുവെന്നും മാത്രമായിരുന്നു കൊടിക്കുന്നിലിന്റെ മറുപടി. എന്നാൽ രാജ്യത്തേക്കാൾ വലുതാണോ പ്രതിപക്ഷനേതാവിന് ഇത്തരം പരിപാടികൾ എന്ന് മാധ്യമങ്ങൾ വീണ്ടും ചോദിച്ചപ്പോൾ കൊടിക്കുന്നിലിന് ഉത്തരമുണ്ടായില്ല.
രാഹുലിന്റെ വിദേശയാത്രയെ ന്യായീകരിക്കാൻ കോൺഗ്രസ് നേതാക്കളൊക്കെയും ബുദ്ധിമുട്ടുകയാണ്. തൊഴിലുറപ്പ് പദ്ധതിയെ നശിപ്പിക്കുന്ന ബില്‍ ലോക്‌സഭ ബുധനാഴ്‌ച ചർച്ചയ്‌ക്കെടുത്തപ്പോൾ ജർമനിയിൽ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്‌ള്യുവിന്റെ ഫാക്‌ടറി സന്ദർശിക്കുകയായിരുന്നു രാഹുല്‍. സുപ്രധാന ബില്ലുകൾ പരിഗണിക്കുന്നതിനാൽ മൂന്നുദിവസം പാർലമെന്റിൽ നിർബന്ധമായും ഹാജരായിരിക്കണമെന്ന കോൺഗ്രസ് വിപ്പ് ലംഘിച്ചാണ് വിദേശയാത്ര. ശനിയാഴ്‌ച വരെ രാഹുൽ ജർമനിയിൽ തുടരും.










0 comments