കർണാടക കോൺഗ്രസിൽ വീണ്ടും കലാപം പടരുന്നു

ബംഗളൂരു: കർണാടക മന്ത്രിസഭയിലും കോൺഗ്രസിലും വീണ്ടും കലാപം പടരുന്നു. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രസ്‌താവനയ്‌ക്കെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിശ്വസ്‌തനായ സഹകരണമന്ത്രി കെ എൻ രാജണ്ണ രംഗത്തുവന്നു. സിദ്ധരാമയ്യയുടെ പേര് ചിലർ ദുരുപയോഗം ചെയ്യുന്നുവെന്ന് ശിവകുമാർ പറഞ്ഞതാണ് രാജണ്ണ ഏറ്റുപിടിച്ചത്. ഇത്തരം ആളുകളുടെ പേര് ശിവകുമാർ പരസ്യപ്പെടുത്തണമെന്നും എഐസിസിയുടെ പേര് ശിവകുമാർ ദുരുപയോഗം ചെയ്യരുതെന്നും രാജണ്ണ തിരിച്ചടിച്ചു.
പിസിസി പ്രസിഡന്റ് കൂടിയായ ശിവകുമാർ എപ്പോഴും എഐസിസി നിർദേശിച്ചുവെന്ന പേരിലാണ് സംസാരിക്കുന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നും രാജണ്ണ ആവശ്യപ്പെട്ടു. ശിവകുമാറിന് അധികാരമുണ്ട്. തെറ്റ് ചെയ്യുന്നവർക്കെതിരെ നടപടി എടുക്കുകയാണ് വേണ്ടതെെന്നും അദ്ദേഹം കൂട്ടിചേർത്തു. മന്ത്രിമാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പിസിസി വർക്കിങ് പ്രസിഡന്റ് ജി സി ചന്ദ്രശേഖറിനെയും രാജണ്ണ പരിഹസിച്ചു. ഹൈക്കമാൻഡിന് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയട്ടെ. ഹൈക്കമാൻഡിന്റെ പേര് മറ്റുള്ളവർ ദുരുപയോഗം ചെയ്യേണ്ട–മന്ത്രി പറഞ്ഞു.








0 comments