Deshabhimani

904 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസ്; കിഷോർ ബിയാനിക്കെതിരെ സിബിഐ അന്വേഷണം

KISHORE

കിഷോർ ബിയാനി

വെബ് ഡെസ്ക്

Published on Nov 06, 2026, 09:48 PM | 1 min read

ന്യൂഡൽഹി: 904.32 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് ആരോപണത്തിൽ വ്യവസായി കിഷോർ ബിയാനിക്കും ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡിനുമെതിരെ സിബിഐ കേസെടുത്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയിലാണ് നടപടി. കമ്പനിയുടെ മറ്റൊരു പ്രമോട്ടറായ രാകേഷ് ബിയാനിയെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


ബാങ്കുകളിൽനിന്ന് വായ്പയായി ലഭിച്ച പണം മറ്റ് കമ്പനികളിലേക്കും ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്കും വഴിതിരിച്ചുവിട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. ഇതിലൂടെ എസ്ബിഐക്ക് 904.32 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് മുംബൈയിലെ കമ്പനിയുടെ പ്രമോട്ടർമാരുടെയും ഡയറക്ടർമാരുടെയും വിവിധ കേന്ദ്രങ്ങളിൽ സിബിഐ പരിശോധന നടത്തി. നിരവധി രേഖകളും പിടിച്ചെടുത്തു.


2026 നവംബർ 4നാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഗൂഢാലോചന, വഞ്ചന, അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ എന്നിവയാണ് അന്വേഷിക്കുന്നത്. 2023ൽ നടത്തിയ ഫോറൻസിക് ഓഡിറ്റിൽ അക്കൗണ്ടുകളിലെ പൊരുത്തക്കേടുകൾ, സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകൾ, കമ്പനിയുടെ യഥാർഥ സാമ്പത്തിക സ്ഥിതി മറച്ചുവയ്ക്കാനുള്ള ശ്രമങ്ങൾ എന്നിവ കണ്ടെത്തിയെന്നാണ് ആരോപണം.


വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് 2021 ഏപ്രിൽ 26ന് ഫ്യൂച്ചർ റീട്ടെയിലിന്റെ അക്കൗണ്ട് എസ്ബിഐ എൻപിഎയായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് 2025 മാർച്ച് 23ന് അക്കൗണ്ട് തട്ടിപ്പ് നടന്നതായി വർഗീകരിച്ചു. ബിഗ് ബസാർ ഉൾപ്പെടെയുള്ള പ്രമുഖ റീട്ടെയിൽ ബ്രാൻഡുകളുടെ ഉടമസ്ഥരായിരുന്ന ഫ്യൂച്ചർ റീട്ടെയിൽ നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കേസിലെ ആരോപണങ്ങൾ കോടതിയിൽ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അന്വേഷണം തുടരുകയാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home