കള്ളനോട്ട് നൽകി വ്യാപാരികളെ കബളിപ്പിച്ച 65കാരൻ പിടിയിൽ; പ്രിന്ററും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു

പ്രതീകാത്മക ചിത്രം
കോട്ടയം: കള്ളനോട്ട് നൽകി വ്യാപാരികളെ കബളിപ്പിച്ച് കടന്നുകളഞ്ഞ പ്രതിയെ വൈക്കം പൊലീസ് പിടികൂടി. കൊല്ലം പത്തനാപുരം സ്വദേശി അബ്ദുൽ റഷീദ് ആണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെ കുമരകത്തിന് സമീപം ഇല്ലിക്കലിലെ വാടകവീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
പ്രതിയുടെ താമസസ്ഥലത്തുനിന്ന് കള്ളനോട്ട് അച്ചടിക്കാൻ ഉപയോഗിച്ച പ്രിന്ററും മറ്റ് ഉപകരണങ്ങളും കള്ളനോട്ടുകളും പൊലീസ് പിടിച്ചെടുത്തു. കള്ളനോട്ട് വിപണനം ചെയ്തതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ പത്തോളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
വൈക്കത്തെ വിവിധ വ്യാപാരസ്ഥാപനങ്ങളിലെത്തി 100 രൂപയിൽ താഴെയുള്ള സാധനങ്ങൾ വാങ്ങിയശേഷം 500 രൂപയുടെ കള്ളനോട്ട് നൽകി മടങ്ങുകയായിരുന്നു ഇയാളുടെ രീതി. സംശയം പ്രകടിപ്പിക്കുന്ന വ്യാപാരികൾക്ക് സാധനങ്ങളുടെ വില നൽകി തന്ത്രപൂർവം രക്ഷപ്പെടുകയും ചെയ്തിരുന്നു.
വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് പൊലീസിനെ എത്തിച്ചത്. ചോദ്യംചെയ്യലിലൂടെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചശേഷം കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനാണ് പൊലീസിന്റെ നീക്കം.









0 comments