print edition ബിജെപി സർക്കാരിനെ വിറപ്പിച്ച് ഭോപാലിൽ കർഷക പ്രക്ഷോഭം

കർഷക സമരത്തിൽനിന്ന്
ഭോപ്പാൽ: മധ്യപ്രദേശിലെ ബിജെപി സർക്കാരിനെ വിറപ്പിച്ച് ഭോപാലിൽ സംയുക്ത കിസാൻ മോർച്ചയുടെ പ്രക്ഷോഭം. മുഖ്യമന്ത്രി മോഹൻ യാദവിന്റെ വസതിയിലേക്ക് രണ്ടായിരത്തോളം കര്‍ഷകര്‍ ഇരമ്പിയെത്തിയതോടെ മൂന്ന് ദിവസമായി സമരത്തെ കണ്ടില്ലെന്ന് നടിച്ച സര്‍ക്കാര്‍ ചില ആവശ്യങ്ങൾ ഭാഗികമായി അംഗീകരിക്കാന്‍ തയാറായി. എന്നാല്‍ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പൂർണമായി അംഗീകരിക്കാതെ പിൻവാങ്ങില്ലെന്ന നിലപാടിലാണ് കർഷകർ.
സംയുക്ത കിസാൻ മോർച്ചയിലെ 19 സംഘടനകളെ പ്രതിനിധീകരിക്കുന്ന കർഷകരാണ് ഭോപാലിലേക്ക് കിസാൻ ക്രാന്തി പദയാത്ര സംഘടിപ്പിച്ചത്. തിങ്കളാഴ്ച മുതലാണ് കാല്‍നടയായ് കര്‍ഷകര്‍ തലസ്ഥാനത്തേക്ക് നടന്നത്. ധാന്യച്ചാക്കുകളും ചുരുട്ടിയ കിടക്കകളും പാത്രങ്ങളും ഒരാഴ്‌ചത്തേക്ക് ആവശ്യമായ ഭക്ഷണവുമായാണ് കര്‍ഷകരുടെ പദയാത്ര. കാർഷിവിളകളുടെ സംഭരണ തോത് വർധിപ്പിക്കുക, ചെറുപയറിന്റെ സംഭരണതോത് 100 ശതമാനമാക്കുക, സുതാര്യവും ന്യായവുമായ സംഭരണ നടപടികൾ നടപ്പാക്കുക, വളം വിതരണത്തിനുള്ള ഇ–ടോക്കൺ സംവിധാനം പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ പ്രധാനമായും മുന്നോട്ടുവയ്‌ക്കുന്നത്.
കൃഷിമന്ത്രി ഐദൽ സിങ് കൻസാനയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പയർ വർഗങ്ങളുടെ സംഭരണപരിധി മൊത്തംവിളയുടെ 25 ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഉയർത്താന്‍ ധാരണയായി. എന്നാൽ ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അഖിലേന്ത്യ കിസാൻ സഭയടക്കമുള്ള സംഘടനകൾ പ്രഖ്യാ പിച്ചു.










0 comments