റിപ്പബ്ലിക് ദിന പരേഡ്: കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് ദേശീയ പുരസ്കാരം; പന്ത്രണ്ട് വർഷത്തിന് ശേഷം മെഡൽ പട്ടികയിൽ

ന്യൂഡൽഹി: ദേശീയ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ അഭിമാന നേട്ടം. സംസ്ഥാനം അവതരിപ്പിച്ച നിശ്ചലദൃശ്യം ദേശീയ തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളം റിപ്പബ്ലിക് ദിന പരേഡിലെ മെഡൽ പട്ടികയിൽ ഇടംനേടുന്നത്.
മികച്ച പ്ലോട്ട് രൂപകൽപ്പന ചെയ്ത മഹാരാഷ്ട്ര ഒന്നാം സ്ഥാനവും ജമ്മു കശ്മീർ രണ്ടാം സ്ഥാനവും നേടി. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരതയും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കിയാണ് കേരളം നിശ്ചലദൃശ്യം ഒരുക്കിയത്.
കേരളത്തിന്റെ സാമൂഹിക മുന്നേറ്റവും വികസന നേട്ടങ്ങളും സമന്വയിപ്പിച്ച പ്ലോട്ട് വിധികർത്താക്കളുടെയും കാണികളുടെയും പ്രത്യേക പ്രശംസ പിടിച്ചുപറ്റിയിരുന്നു. സംസ്ഥാന ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്ലോട്ടിന്റെ സംഗീത സംവിധാനം മോഹൻ സിതാരയാണ് നിർവ്വഹിച്ചത്.
റോയ് ജോസഫ് ഫാബ്രിക്കേഷൻ ജോലികൾക്ക് നേതൃത്വം നൽകി. കേരളത്തിന്റെ തനത് കാർഷിക വിഭവങ്ങളും ഡിജിറ്റൽ സാക്ഷരതയുടെ ബ്രാൻഡ് അംബാസഡർ സരസുവും ഉൾപ്പെട്ട പ്ലോട്ട് സംസ്ഥാനത്തിന്റെ കരുത്തുറ്റ സ്ത്രീശാക്തീകരണത്തിന്റെയും വികസനത്തിന്റെയും നേർക്കാഴ്ചയായി.










0 comments