മൃഗസംരക്ഷണ രംഗത്ത് കേരള-പഞ്ചാബ് സാങ്കേതിക സഹകരണം ശക്തമാക്കും: മന്ത്രി ജെ ചിഞ്ചു റാണി

ചണ്ഡിഗഡ്: മൃഗസംരക്ഷണ രംഗത്തെ വിവിധമേഖലകളിലെ സാങ്കേതിക സഹകരണത്തിനായി കേരള-പഞ്ചാബ് മൃഗസംരക്ഷണ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം പഞ്ചാബിൽ നടന്നു. പഞ്ചാബ് മൃഗസംരക്ഷണ കാർഷികഡയറി, ഫിഷറീസ് മന്ത്രി ഗുർമീത് സിങ്ങ് ഖുഡിയാന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ സംഘം കേരളത്തിൽ സന്ദർശനം നടത്തിയിരുന്നു. ഈ ചർച്ചകളുടെ തുടർച്ചയായാണ് പഞ്ചാബിൽ യോഗം ചേർന്നത്. മൃഗസംരക്ഷണ രംഗത്ത് കേരള-പഞ്ചാബ് സാങ്കേതിക സഹകരണം ശക്തമാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു.
ഗാഢ ശീതികരിച്ച ബീജ ഉത്പാദനം-വിതരണം, ഉയർന്ന ജനിതക മൂല്യമുള്ള പശുക്കളുടെയും കാളകളുടെയും വിനിമയം, ജനിതക തിരഞ്ഞെടുപ്പും, മൂല്യനിർണയവും, ഭ്രൂണമാറ്റ സാങ്കേതികവിദ്യ പഠനം, കൃത്രിമ ബീജ സങ്കലന സാങ്കേതിക വിദ്യകൾ, എന്നീ മേഖലകളിലെ സംയുക്ത പദ്ധതികൾ എന്നിവ യോഗത്തിൽ ചർച്ചയായി.
പശുക്കളുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും കർഷകരുടെ വരുമാനം ഉയർത്തുന്നതിനും ദേശീയ തലത്തിലുള്ള പാലിന്റെയും മാംസത്തിന്റെയും സ്വയംപര്യാപ്തത കൈവരിക്കുന്നതിനും സഹകരിക്കുമെന്ന് ഇരു സംസ്ഥാനങ്ങളും യോഗത്തിൽ പ്രതീക്ഷ പ്രകടിപ്പിച്ചു. കേരളത്തിലെ മികച്ച ആടു വർഗ്ഗങ്ങളുടെ കൈമാറ്റവും ചർച്ച ചെയ്തു.
കൂടാതെ, ഗാഢ ശീതീകരിച്ച ബീജ ഉൽപ്പാദന-വിതരണ രംഗത്തെ സാങ്കേതിക വിദ്യകളും ഗുണനിലവാര മാനദണ്ഡങ്ങളും കൈമാറി. രണ്ട് സംസ്ഥാനങ്ങളുടെയും ആവശ്യാനുസരണം ഫ്രോസൺ സെമൻ ഡോസുകളുടെ വിനിമയം, കെഎൽഡിബിയുടെ രോഗനിർണയം, ജീനോമിക് ഇൻഡിസെസ് അടിസ്ഥാനപ്പെടുത്തി കാറ്റിൽ എംപവർമെന്റ് പദ്ധതികൾ, ഭ്രൂണമാറ്റ മാറ്റ സാങ്കേതികവിദ്യ മേഖലയിൽ സംയുക്ത പരിശീലന-സാങ്കേതിക കൈമാറ്റം, കേരള-പഞ്ചാബ് ശാസ്ത്രജ്ഞർ, വിദഗ്ദർ, പരിശീലകർ, കർഷകർ എന്നിവർക്കിടയിൽ സാങ്കേതിക പരിജ്ഞാന കൈമാറ്റം എന്നിവയും ചർച്ചയായി.
ഇതിന്റെ ആദ്യപടിയായി 30000 ഡോസ് എച്ച്എഫ്, 60000 ഡോസ് മുറ ഈനത്തിലുള്ള എരുമയുടെ ബീജത്തിന്റെയും വിതരണം ചെയ്യുവാനുള്ള ഉത്തരവ് പഞ്ചാബ് ഗവർൺമെന്റ് മന്ത്രിയ്ക്ക് കൈമാറി. പഞ്ചാബ് മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി രാഹുൽ ബണ്ടാരി, കെഎൽഡി ബോർഡ് പ്രതിനിധി ഡോ. അവിനാഷ് തുടങ്ങിയവർ പങ്കെടുത്തു.









0 comments