ad
Deshabhimani

എസ്‌ഐആർ: അർഹർ പുറത്താകരുത്‌... സർക്കാരിന്റെ സഹായം
പിന്നാക്കമേഖലകളിൽ നേരിട്ടെത്തും

വോട്ടർപട്ടിക തീവ്ര പുനഃപരിശോധന
avatar
സ്വന്തം ലേഖകന്‍

Published on Dec 28, 2025, 12:37 AM | 1 min read

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പുനഃപരിശോധനയുടെ (എസ്‌ഐആർ) കരട് പട്ടികയിൽ ഉള്‍പ്പെടാത്ത അര്‍ഹരായവരുടെ പേര് ചേര്‍ക്കാൻ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. വില്ലേജ് ഓഫീസുകളോട് ചേര്‍ന്ന് ഹെൽപ്‌ ഡെസ്‌കുകള്‍ ആരംഭിക്കാനും ഉന്നതികളിലുൾപ്പെടെ നേരിട്ടെത്തി സഹായം നല്‍കാനും സര്‍ക്കാര്‍ ഉത്തരവിട്ടു. അര്‍ഹരായ ആരും പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ കഴിഞ്ഞ മന്ത്രിസഭാ യോഗ തീരുമാനപ്രകാരമാണ് നടപടി.


എസ്‌ഐആറിന്റെ ഭാഗമായി കമീഷൻ 24,08,503 പേരെ കരട് പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കരട് പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ 19,32,000ത്തോളം വോട്ടർമാരും പട്ടികയില്‍ പേര് ഉറപ്പിക്കണമെങ്കില്‍ ബന്ധുത്വം സംബന്ധിച്ച രേഖകള്‍ ഹാജരാക്കണം. 2002ന് മുമ്പും ശേഷവും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും 2002ലെ പട്ടികയില്‍ ഉള്‍പ്പെടാതെ പോയവരും രേഖകള്‍ ഹാജരാക്കണം.


ഇല്ലെങ്കില്‍ അന്തിമ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടും. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തവര്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹെൽപ്‌ ഡെസ്‌കുകള്‍ രൂപീകരിക്കാൻ കലക്‌ടർമാർക്ക്‌ നിര്‍ദേശം നല്‍കിയത്. വില്ലേജ് ഓഫീസുകളില്‍ സൗകര്യം കുറവാണെങ്കില്‍ അടുത്തുള്ള കെട്ടിടങ്ങളില്‍ ഡെസ്‌ക്‌ ഒരുക്കണം.


രണ്ട് ഉദ്യോഗസ്ഥരെ വീതം ചുമതലപ്പെടുത്തണം. ഉന്നതികള്‍, മലയോരപ്രദേശങ്ങള്‍, തീരദേശമേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിൽ നേരിട്ടെത്തി അര്‍ഹരായവരെ കണ്ടെത്തണം. അങ്കണവാടി വര്‍ക്കര്‍മാര്‍, ആശവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്താം. 18 വയസ് പൂര്‍ത്തിയായവര്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home