ad
Deshabhimani

print edition പിണറായി വിജയന്റെ യാത്ര വൈകിയ സംഭവം; പ്രോട്ടോകോൾ വിഭാഗത്തിന്‌ വീഴ്‌ച

pinarayi vijayan
വെബ് ഡെസ്ക്

Published on Jun 29, 2026, 12:00 AM | 1 min read

ന്യ‍ൂഡൽഹി: സിപിഐ എം പൊളിറ്റ്‌ ബ്യൂറോ യോഗത്തിനുശേഷം ഡൽഹിയിൽനിന്ന്‌ മടങ്ങുകയായിരുന്ന പ്രതിപക്ഷ നേതാവ്‌ പിണറായി വിജയന്റെ യാത്ര വൈകിയതിൽ പ്രോട്ടോകോൾ വിഭാഗത്തിന്‌ വീഴ്‌ച. വീഴ്ചവരുത്തിയവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഡൽഹി കേരളാ ഹൗസ് അഡീഷണൽ റസിഡന്റ് കമീഷണർ (എആർസി) അശ്വതി ശ്രീനിവാസ് അറിയിച്ചു. 
 ഇൻഡിഗോയിലെ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നതിൽവന്ന പേരായ്മയാണ്‌ യാത്ര വൈകാൻ ഇടയാക്കിയതെന്ന് എആർസി പറഞ്ഞു. ഇൻഡിഗോയോടും വിശദീകരണം തേടി. എആർസി വിളിച്ചുചേർത്ത കേരളാ ഹ‍ൗസ്‌ ജീവനക്കാരുടെ യോഗത്തിലാണ് പ്രോട്ടോകോൾ ഉദ്യോഗസ്ഥർക്കെതിരെ നടപടിയ്ക്ക്‌ നിർദേശിച്ചത്‌.

അതേസമയം, സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്‌ പൊതുഭരണ വകുപ്പിൽനിന്ന്‌ റിപ്പോർട്ട്‌ തേടി. എന്താണ്‌ സംഭവിച്ചതെന്ന വിശദമായ റിപ്പോർട്ടാണ്‌ ആവശ്യപ്പെട്ടത്‌. വിമാനത്താവളത്തിൽ കൃത്യസമയത്തെത്തിയിട്ടും പിണറായിയുടെ യാത്ര മണിക്കൂറുകളാണ്‌ വൈകിയത്‌. ശനി ഉച്ചയ്ക്ക് 2.50ന്റെ ഇൻഡിഗോ വിമാനത്തിലാണ് കേരളത്തിലേക്ക് പോകേണ്ടിയിരുന്നത്. എന്നാൽ വിമാനം പുറപ്പെടുന്ന വിവരം എയർലൈൻസ്‌ ജീവനക്കാർ വിഐപി ലോഞ്ചിൽ വിശ്രമിക്കുകയായിരുന്ന പ്രതിപക്ഷ നേതാവിനെ അറിയിച്ചില്ല.


തുടർന്ന് രാത്രി 7.15ന്റെ വിമാനത്തിലാണ്‌ യാത്ര ചെയ്തത്‌. വിഐപി യാത്രകളിൽ കേരള ഹൗസ്‌ ജീവനക്കാർ മുൻകൂട്ടി വിമാനത്താവളത്തിലെത്തി എയർലൈൻസ്‌ ജീവനക്കാരെ അറിയിക്കുന്നതാണ്‌ രീതി. വിമാനം പുറപ്പെട്ട ശേഷമേ പ്രോട്ടോകോൾ ഉദ്യോഗസ്ഥർക്ക് തിരികെ മടങ്ങാനാകു. വിഐപി പരിഗണന പ്രകാരം വിമാനത്താവളത്തിനുള്ളിൽ ലഭ്യമാകേണ്ട മറ്റ്‌ സൗകര്യങ്ങൾ ഉറപ്പാക്കിയില്ലെന്നും വിലയിരുത്തലുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home