കേദാർനാഥ് ഹെലികോപ്റ്റർ അപകടം: ചാർധാം യാത്രയ്ക്കുള്ള ഹെലികോപ്റ്റർ സർവീസുകൾ രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു

photo credit: ptiഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ കേദാർനാഥ് ക്ഷേത്രം
ഡെറാഡൂൺ: കേദാർനാഥ് ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് ചാർധാം റൂട്ടിലെ ഹെലികോപ്റ്റർ സർവീസുകൾ രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു. ഞായറാഴ്ച രാവിലെയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ പൈലറ്റ് ഉൾപ്പെടെ ഏഴ് പേർ മരിച്ചതിനെ തുടർന്നാണ് നടപടി.
കാലാവസ്ഥ മോശമാണെന്നും യാത്രക്കാരുടെ സുരക്ഷയാണ് പ്രഥമ പരിഗണനയെന്നും അതിനാൽ ഹെലികോപ്റ്റർ സർവീസുകൾ രണ്ട് ദിവസത്തേക്ക് നിർത്തിവയ്ക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.
വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന യോഗത്തിൽ ചീഫ് സെക്രട്ടറി ആനന്ദ് ബർദൻ, ടൂറിസം, സിവിൽ ഏവിയേഷൻ സെക്രട്ടറി സച്ചിൻ കുർവെ, ദുരന്തനിവാരണ സെക്രട്ടറി വിനോദ് കുമാർ സുമൻ, യുസിഎഡിഎ (ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്റ് അതോറിറ്റി), ഡിജിസിഎ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഹെലി സർവീസുകൾ പുനരാരംഭിക്കുന്നതിന് മുമ്പ് സ്ഥിതിഗതികൾ സമഗ്രമായി അവലോകനം ചെയ്യാൻ വ്യോമയാന കമ്പനികളോടും ഡിജിസിഎയോടും യുസിഎഡിഎയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ചാർധാം യാത്രാ റൂട്ടിൽ ഹെലികോപ്റ്റർ അപകടങ്ങളും അടിയന്തര ലാൻഡിംഗുകളും വർധിച്ചുവരികയാണ്. കേദാർനാഥ്, ബദരീനാഥ്, യമുനോത്രി, ഗംഗോത്രി ക്ഷേത്രങ്ങൾ ഉൾപ്പെടുന്നതാണ് ചാർധാം യാത്ര.
ഏപ്രിൽ 30 ന് യാത്ര ആരംഭിച്ചതിനുശേഷം തീർത്ഥാടന പാതയിലെ അഞ്ചാമത്തെ ഹെലികോപ്റ്റർ അപകടമാണ്. ഞായറാഴ്ച രാവിലെ ഗുപ്തകാശിക്കടുത്തുള്ള കേദാർനാഥിൽ നിന്ന് മടങ്ങുകയായിരുന്ന ആര്യൻ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
0 comments