കരൂർ ദുരന്തം: സിബിഐയുടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി വിജയ്

വിജയ്
ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ 15 ദിവസത്തെ സാവകാശം വേണമെന്ന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ് സിബിഐയോട് ആവശ്യപ്പെട്ടു. ന്യൂഡൽഹിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാം എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ചെന്നൈയിലേക്ക് മാറ്റണമെന്നാണ് താരത്തിന്റെ ആവശ്യം. മൂന്നാം തവണയാണ് സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം തനിക്ക് എത്താൻ കഴിയില്ലെന്നാണ് വിജയ് അറിയിച്ചത്.
സെപ്തംബർ 27ന് കരൂരിൽ നടന്ന ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 41 പേരാണ് മരിച്ചത്. ഏഴ് മണിക്കൂർ വൈകിയാണ് വിജയ് പരിപാടിക്കെത്തിയത്. ആളുകൾ തളർന്നു വീണിട്ടും പ്രസംഗം തുടർന്നതും, അപകടം നടന്നിട്ടും പ്രതികരിക്കാതെ താരം ചെന്നൈയിലേക്ക് മടങ്ങിയതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് സിബിയെ മൂന്നാം തവണയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത്. ജനുവരിയിൽ രണ്ട് തവണ വിജയ്‌യെ സിബിഐ ചോദ്യം ചെയ്തിരുന്നു.
തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി മത്സരരംഗത്തിറങ്ങുന്നത് ഡിഎംകെ,ബിജെപി ഉൾപ്പെടെയുള്ള കക്ഷികളെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. വിജയ്‌യെ എൻഡിഎ സഖ്യത്തിലെത്തിക്കാൻ ബിജെപി സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് സിബിഐയുടെ നടപടി.
ജനനായകൻ സിനിമയുടെ റിലീസ് തടഞ്ഞതുമായി ബന്ധപ്പെട്ട് സെൻസർ ബോർഡുമായും പ്രശ്നങ്ങളുണ്ട്. മാർച്ച്9 ന് സിബിഎഫ്സിയുടെ (സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർറ്റിഫിക്കേഷൻ) റിവൈസിങ് കമ്മിറ്റി ചിത്രം വീണ്ടും കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും സ്ക്രീനിങ് മുടങ്ങി. സിനിമ റിലീസ് തടഞ്ഞത് ഉൾപ്പടെയുള്ള കേന്ദ്ര സർക്കാരിന്റെ സമീപനങ്ങളെ രൂക്ഷമായി വിമർശിച്ച താരം, തനിക്കെതിരെ നടക്കുന്നതെല്ലാം രാഷ്ട്രീയ പകപോക്കലാണെന്നും പ്രസ്താവന നടത്തി.










0 comments