വിവാഹേതര ബന്ധം കുടുംബ അന്തസിന് 'അപമാനം'; യുവതിയെ വിഷം കുടിപ്പിച്ചു, മൃതദേഹം കത്തിച്ചു

യുവതിയുടെ കൊലപാതകത്തിൽ അറസ്റ്റിലായവർ, Photo; NDTV
ബെംഗളൂരൂ: വിവാഹേതര ബന്ധം കുടുംബത്തിന്റെ അന്തസിന് കളങ്കമുണ്ടാക്കിയെന്ന് ആരോപിച്ച് യുവതിയെ മനഃപൂർവം വിഷം കുടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു. കർണാടകയിലെ ബെലഗാവി ജില്ലയിൽ ഹുക്കേരി സ്വദേശിനിയായ സത്യവ ഹെലവാർ ആണ് ബന്ധുക്കളുടെ കൈകളാൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രകാശ് ഭീമപ്പ ഹെലവാർ (46), ഷാനൂർ സദാശിവ് ഹെലവാർ (35), കല്ലപ്പ മായപ്പ ഹെലവി (40) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. നാല് വർഷം മുമ്പ് സന്തോഷ് ഹെലവിയുമായി വിവാഹിതയായ സത്യവ്വ, കൃഷ്ണ പാട്ടീൽ എന്ന യുവാവുമായി അടുത്തിടെ പ്രണയത്തിലായി. വീട്ടുകാരുടെ എതിർപ്പുകളെ കണ്ട് ഫെബ്രുവരിയിൽ ഇരുവരും ഒളിച്ചോടി. ഇതേത്തുടർന്ന് സത്യവയുടെ ഭർത്താവിന്റെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പിന്നാലെ യുവതിയുടെ ബന്ധുക്കൾ കുടുംബത്തിന്റെ അഭിമാനത്തിന് ഏറ്റ ക്ഷമതമെന്ന് വിശ്വസിച്ച് യുവതിയെ തിരഞ്ഞു കണ്ടുപിടിക്കുകയും തിരികെ കൊണ്ടുവന്നതിന് ശേഷം കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചു.
എന്നാൽ തന്റെ തീരുമാനത്തിൽ യുവതി ഉറച്ചു നിന്നതോടെ നിർബന്ധപൂർവം വിഷം കുടിപ്പിക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം, കർണാടക-മഹാരാഷ്ട്ര അതിർത്തിയിലുള്ള ഒരു ശ്മശാനത്തിൽ വെച്ച് തെളിവുകൾ നശിപ്പിക്കാൻ മൃതദേഹം കത്തിച്ചുകളയുകയുമായിരുന്നു. സത്യവയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് കാമുകനായ കൃഷ്ണ പാട്ടീൽ നൽകിയ പരാതിയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.










0 comments