print edition കർണാടകക്കെണി; കോൺഗ്രസിന് സീറോ ഗ്യാരന്റി

ഫയൽ ചിത്രം

വിനോദ് പായം
Published on Mar 25, 2026, 12:00 AM | 2 min read
തിരുവനന്തപുരം : കെഎസ്‌ആർടിസിയിൽ സ്‌ത്രീകൾക്ക് സൗജന്യയാത്രയടക്കം യുഡിഎഫിന്റെ വാഗ്ദാനങ്ങൾ കേൾക്കുമ്പോള്‍ അയൽപക്കമായ കർണാടകത്തിന്റെ അനുഭവം അറിയണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടിൽ കണ്ണിട്ട് കോൺഗ്രസ് നടത്തിയ അഞ്ച് പ്രഖ്യാപനങ്ങൾ ശതകോടികളുടെ ബാധ്യതയാണ് ഉണ്ടാക്കിയത്. സാന്പത്തികപഠനമോ തയ്യാറെടുപ്പോ ഇല്ലാതെ പ്രഖ്യാപിച്ച ഇളവുകൾ കാരണം നട്ടംതിരിയുകയാണ് കർണാടകം.
കർണാടക ആർടിസിക്ക് 4000 കോടി ബാധ്യത
സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന സ്ത്രീശക്തി പദ്ധതി 4006.67 കോടി കടക്കെണിയിലാണുണ്ടാക്കിയത്. 2023–24 സാന്പത്തികവർഷം 1180.62 കോടി, കഴിഞ്ഞ സാമ്പത്തികവർഷം 1170.45 കോടി, 2026 ജനുവരിവരെ 1655.4 കോടി ബാധ്യതയാണ് കോർപറേഷനുണ്ടാക്കിയത്. ടിക്കറ്റ് ചാർജ് കോർപറേഷന് സർക്കാർ നൽകാത്തതാണ് പ്രതിസന്ധിയായത്. ജീവനക്കാരുടെ ശമ്പളവർധനയും അടിസ്ഥാന സൗകര്യവികസനവും നടത്താനാകാത്ത അവസ്ഥ. പ്രതിസന്ധി പരിഹരിക്കാൻ പുരുഷന്മാരുടെ ടിക്കറ്റ് നിരക്ക് 15 ശതമാനമാണ് കൂട്ടിയത്.
ജീവനക്കാരുടെ പിഎഫ് ഇനത്തിൽ 2700 കോടി രൂപ അടയ്ക്കാനുമുണ്ട്. ഇതിൽ പ്രതിഷേധിച്ചും ശമ്പളപരിഷ്കരണം ആവശ്യപ്പെട്ടും ജീവനക്കാർ ഇടക്കിടെ സമരത്തിലാണ്. സർക്കാർ നയത്തിൽ കർണാടകത്തിലെ പൊതുഗതാഗത മേഖലതന്നെ പ്രതിസന്ധിയിലായി.
സൗജന്യ വൈദ്യുതിയുടെ ആഘാതം
കമ്പനിക്ക് ഗൃഹജ്യോതി എന്നപേരിൽ 200 യൂണിറ്റുവരെ സൗജന്യ വൈദ്യുതി വിതരണമാണ് കർണാടകത്തിലെ മറ്റൊരു പ്രഖ്യാപനം. വിതരണ കമ്പനികൾക്ക് പണം മുൻകൂർ നൽകിയായിരുന്നു പ്രഖ്യാപനം. കുടിശ്ശികയുള്ളതിനാൽ കമ്പനികൾ പ്രതിസന്ധിയിലാണ്. മുമ്പ് ഉപയോഗിച്ചതിന്റെ ശരാശരി കണക്കുകൂട്ടിയാണ് ഉപയോക്താക്കളെ തീരുമാനിക്കുന്നത്. പുതിയ കണക്‌ഷൻ എടുത്തവർക്ക് മുൻ കണക്ക് ഇല്ലാത്തതിനാൽ, പദ്ധതിക്ക് പുറത്താണ്.
താരിഫ് കണക്കുകൂട്ടുന്നതിന്റെ സാങ്കേതിക പിഴവുമൂലം പൂർണതുക അടക്കേണ്ടിവരുന്നുവെന്ന പരാതിയും വ്യാപകം. സബ്സിഡി ബാധ്യത പരിഹരിക്കാൻ വ്യവസായ, വാണിജ്യ മേഖലക്ക് കുത്തനെ വൈദ്യുതി നിരക്ക് കൂട്ടിയിട്ടുമുണ്ട്.
അന്നവും ഭാഗ്യക്കേട്
ബിപിഎലുകാർക്ക് മാസം 10 കിലോ സൗജന്യ ഭക്ഷ്യധാന്യമാണ് കർണാടക കോൺഗ്രസ് സർക്കാരിന്റെ മറ്റൊരു പ്രഖ്യാപനം. കേരളംപോലെ പൊതുവിതരണ മേഖല ശക്തമല്ലാത്തതിനാൽ "അന്ന ഭാഗ്യ' പദ്ധതിയും പ്രതിസന്ധിയിൽ. ഗുണഭോക്താക്കളെ വെട്ടിച്ചുരുക്കി അഞ്ചുകിലോവരെയാണ് സൗജന്യമായി നൽകുന്നത്. ശേഷിച്ച അഞ്ച് കിലോക്ക് മാസം 170 രൂപ വ്യക്തികൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ചു. അതിലും വ്യാപക പരാതിയുണ്ട്. ധാന്യം കൊണ്ടുപോകുന്ന വാഹനങ്ങൾക്കുള്ളകൂലി 250 കോടി കുടിശ്ശികയാണ്. ലോറി ഉടമകൾ ഇതിന്റെ പേരിൽ സമരത്തിലുമാണ്. ഉൾനാടുകളിലേക്കുള്ള ധാന്യവാഹന സംവിധാനം മുടങ്ങുന്നത്, ആദിവാസി മേഖലകളടക്കമുള്ള മേഖലയെ കാര്യമായി ബാധിക്കുന്നു.
ഗൃഹലക്ഷ്മിയിൽ ആറുമാസം കുടിശ്ശിക
നേരിട്ട് നികുതിദായകരല്ലാത്ത സ്ത്രീകൾക്ക് മാസം രണ്ടായിരം രൂപവരെ നൽകുന്ന പദ്ധതിയിൽ മാസങ്ങൾ കുടിശ്ശികയാണ്. ആധാർ, ബാങ്ക് അക്കൗണ്ട് സാങ്കേതികത്വത്തിൽ കുടുങ്ങി ഫണ്ട് തടയുന്നെന്ന പരാതിയുമുണ്ട്. അർഹരായ നിരവധിപേർ പുറത്താണ്.
യുവനിധി കിട്ടിയാൽ കിട്ടി
2023ന് ശേഷം ബിരുദധാരികളായവർക്ക് തൊഴിൽ കിട്ടുംവരെ മാസം സാമ്പത്തിക സഹായം പ്രഖ്യാപിച്ച പദ്ധതിയാണിത്. മൂന്നു വർഷത്തിനുള്ളിൽ ബിരുദം നേടിയവർ മാത്രം പദ്ധതിയിലുള്ളതിനാൽ ഇതിലും ബഹുഭൂരിപക്ഷം തൊഴിൽരഹിതരും പദ്ധതിക്ക് പുറത്താണ്.തൊഴിൽ രഹിതനാണെന്ന് സേവാസിന്ധു പോർടലിൽ മാസംതോറും സത്യവാങ്മൂലം നൽകണം. ഇത്തരം സങ്കേതിക പ്രശ്നവും സാമ്പത്തിക പ്രതിസന്ധിയും പദ്ധതിക്ക് തടസ്സമാകുന്നു.









0 comments