print edition വിലയിടിവിൽ ഇടപെടാതെ കോൺഗ്രസ് സർക്കാർ; കർണാടകത്തിൽ തക്കാളി കർഷകർ പ്രതിസന്ധിയിൽ

ബംഗളൂരു: തക്കാളി വില കുത്തനെ ഇടിഞ്ഞതോടെ കർണാടകത്തിൽ കർഷകർ കടുത്ത പ്രതിസന്ധിയിൽ. കോൺഗ്രസ് സർക്കാർ സഹായ ഇടപെടലുകൾ നടത്താത്തിനാൽ പലയിടത്തും കർഷകർ തക്കാളികൾ കൂട്ടത്തോടെ റോഡ് അരികിൽ ഉപേക്ഷിക്കുകയോ കന്നുകാലികൾക്ക് തീറ്റയായി നൽകുകയോ ചെയ്യുകയാണ്.
കർണാടകയിലെ വിജയനഗരയിലെ വിവിധ വിപണികളിൽ തക്കാളി വില കുത്തനെ ഇടിഞ്ഞു. ഹരപ്പനഹള്ളി, ഹുവ്വിന ഹഡഗലി, കൊട്ടൂർ, കുഡ്‌ലിഗി, ഹഗരിബൊമ്മനഹള്ളി തുടങ്ങിയ പ്രമുഖ തക്കാളി ഉൽപ്പാദന കേന്ദ്രങ്ങളിൽ നിന്ന് ഹൊസപ്പേട്ട എപിഎംസി യാർഡിലേക്ക് വലിയ തോതിൽ തക്കാളി എത്തുന്നുണ്ട്.
എന്നാൽ വാങ്ങാൻ ആളില്ലാത്തതിനാൽ വലിയൊരു ഭാഗം വിറ്റഴിക്കാനാവാതെ കെട്ടിക്കിടക്കുകയാണെന്ന് എപിഎംസി സെക്രട്ടറി സിദ്ധയ്യ സ്വാമി വ്യക്തമാക്കി. വിദേശ വിപണിയിലെ ആവശ്യകത കുറഞ്ഞു. പാചകവാതക പ്രതിസന്ധിയിൽ ഹോട്ടലുകളടക്കം കൂട്ടത്തോടെ അടച്ചത് പ്രാദേശിക വിപണിയിൽ ഉപഭോഗം കുറച്ചു.
കൃഷിക്ക് ചെലവായ തുക പോലും തിരിച്ചുപിടിക്കാൻ കഴിയാത്തത്ര ദയനീയമാണ് നിലവിലെ സാഹചര്യമെന്ന് കർഷകർ പറഞ്ഞു. തക്കാളി മാർക്കറ്റിലെത്തിക്കാനുള്ള ഗതാഗതച്ചെലവ് പോലും ലഭിക്കുന്നില്ല. ജംബുനാഥനഹള്ളിയിലും രായര കെരെയിലും ട്രാക്ടർ കണക്കിന് തക്കാളി കന്നുകാലികൾക്ക് തീറ്റയായി തള്ളി.
വിളവെടുക്കാതെ കർഷകർ പാകമായ തക്കാളികൾ പാടങ്ങളിൽതന്നെ ഉപേക്ഷിക്കുകയാണ്. വില പിടിച്ചുനിർത്താനോ കർഷകർക്ക് സഹായം നൽകാനോ സർക്കാർ ഇടപെടാത്തത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി.









0 comments