ad
Deshabhimani

കർണാടകയിലെ ജയിലുകളിൽ മിന്നൽ പരിശോധന; മൊബൈൽ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു

karnataka prison raid
വെബ് ഡെസ്ക്

Published on Dec 17, 2025, 11:49 AM | 1 min read

ബംഗളുരു: കർണാടകയിലെ വിവിധ ജയിലുകളിൽ ജയിൽ വകുപ്പ് നടത്തിയ വ്യാപക പരിശോധനയിൽ മൊബൈൽ ഫോണുകളും കഞ്ചാവും ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ പിടിച്ചെടുത്തു.


കഴിഞ്ഞ 36 മണിക്കൂറായി സംസ്ഥാനത്തെ പ്രധാന ജയിലുകളിൽ നടന്ന 'സ്പെഷ്യൽ ഡ്രൈവി'ലൂടെയാണ് വൻ തോതിൽ നിയമവിരുദ്ധ വസ്തുക്കൾ കണ്ടെടുത്തതെന്ന് ജയിൽ ഡിജിപി അലോക് കുമാർ അറിയിച്ചു.


ബെംഗളൂരു സെൻട്രൽ ജയിലിൽ നിന്ന് ആറ് മൊബൈൽ ഫോണുകളും നാല് കത്തികളും കണ്ടെടുത്തു. മൈസൂരു ജയിലിൽ നടത്തിയ പരിശോധനയിൽ ഒമ്പത് മൊബൈൽ ഫോണുകളും 11 സിം കാർഡുകളുമാണ് പിടിച്ചെടുത്തത്.


ബെലഗാവി ജയിലിൽ നിന്ന് നാല് മൊബൈൽ ഫോണുകൾക്ക് പുറമെ 366 ഗ്രാം കഞ്ചാവും ഉദ്യോഗസ്ഥർ കണ്ടെത്തി. ജയിലിന് പുറത്തുനിന്ന് ഉള്ളിലേക്ക് എറിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് പൊതികൾ.


മംഗളൂരു ജയിലിൽ നിന്ന് നാല് മൊബൈൽ ഫോണുകളും വിജയപുര ജയിലിൽ നിന്ന് ഒരു ഫോണും പരിശോധനയിൽ കണ്ടെടുത്തു. ജയിലുകൾക്കുള്ളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ തുടരുമെന്ന് ഡിജിപി അലോക് കുമാർ തന്റെ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.


ജയിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണോ ഇവ അകത്തെത്തിയത് എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home