print edition കർണാടകയിൽ പെൻഷൻ കിട്ടിയാൽ കിട്ടി


വിനോദ് പായം
Published on Apr 06, 2026, 02:45 AM | 1 min read
ബംഗളൂരു : ധാർവാഡിലെ ശിവള്ളി ഹൈസ്‌കൂളിന്റെ സെക്യൂരിറ്റിചുമതലയുമുണ്ട് ധരംസിങ്ങിന്. സ്‌കൂൾ ഗേറ്റിന് മുന്നിലുള്ള ചെറിയ വീട്ടിലാണ് ആശാരിപ്പണിക്കാരനായ ധരംസിങ്ങും ഭാര്യ അൻസീബിയും പാർക്കുന്നത്. പ്രായമായതിനാൽ പുറത്ത് പണിക്ക് പോകാറില്ല. സ്‌കൂൾ ഹെഡ്‌മാസ്‌റ്റർ വല്ലപ്പോഴും വല്ലതുംതരും. 1200 രൂപ വാർധക്യകാല പെൻഷനുണ്ടെങ്കിലും നാലുമാസം കുടിശ്ശികയാണ്. കിട്ടിയാൽ കിട്ടി. ഗ്യാരന്റിയൊന്നുമില്ല. ഭാര്യ അൻസീബിക്ക് 60 കഴിഞ്ഞെങ്കിലും പെൻഷനില്ല. പലതവണ അപേക്ഷ നൽകിയെങ്കിലും കിട്ടിയിട്ടില്ല.
കർണാടക ധാർവാഡിലെ ശിവള്ളി സ്‌കൂളിന്
മുന്നിലെ വീട്ടിൽ ധരംസിങ്ങും ഭാര്യ അൻസീബിയും(ഫോട്ടോ:ജി പ്രമോദ്)
കേരളത്തിലുള്ളതുപോലെ സാർവത്രിക ക്ഷേമപെൻഷനൊന്നുമില്ല കർണാടകത്തിൽ. വിവിധ സ്‌കീമുകളിലായി 30 ലക്ഷത്തോളം പേർക്കാണ് പെൻഷൻ നൽകുന്നത്. അതും 800 രൂപ മുതൽ 1200 രൂപവരെ മാത്രം. പല സ്‌കീമിലും നാലുമാസംവരെ കുടിശ്ശികയുമുണ്ട്. 62 ലക്ഷം പേർക്ക് 2000 രൂപ വീതം കേരളത്തിൽ കൃത്യമായി പെൻഷൻ നൽകുന്പോഴാണ് 6.85 കോടി ജനസംഖ്യയുള്ള കർണാടകത്തിൽ 30 ലക്ഷം പേർക്കുമാത്രം പെൻഷൻ.
വിധവകൾക്കും ഭിന്നശേഷിക്കാർക്കും 800 മുതൽ 1200 രൂപവരെയാണ് നൽകുന്നത്. ഭിന്നശേഷിയുടെ തീവ്രത അനുസരിച്ച് അപൂർവംപേർക്ക് 2000 രൂപയും നൽകും. 28 ലക്ഷംപേർക്ക് നൽകുന്ന 1000– 1200 രൂപയുടെ വാർധക്യകാല പെൻഷനാണ് കൂടുതലുള്ളത്. പ്രഖ്യാപിച്ച സമയത്തെ ഗുണഭോക്താക്കളല്ലാതെ, പുതിയ അപേക്ഷയൊന്നും ക്ഷേമപെൻഷനിൽ പരിഗണിക്കുന്നേയില്ല.









0 comments