'സ്ക്രീൻ ഗാർഡിന് 100 രൂപ നൽകണം'; കർണാടകയിൽ കടയുടമയെ കുത്തിപ്പരിക്കേൽപ്പിച്ചു

ചിത്രദുർഗ: മൊബൈൽ ഫോണിന്റെ സ്ക്രീൻ ഗാർഡ് മാറ്റുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടര്‍ന്ന് കടയുടമയെ കുത്തിപ്പരിക്കേൽപ്പിച്ചു. കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ സന്തെ മൈതാനത്തിന് സമീപമുള്ള മൊബൈൽ ഷോപ്പിലാണ് സംഭവം. കടയുടമ വിക്രം ചൗധരിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ്.
കടയിൽ നിന്ന് വാങ്ങിയ സ്ക്രീൻ ഗാർഡ് മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി കടയിലെത്തിയത്. മറ്റൊരു മോഡൽ സ്ക്രീൻ ഗാർഡിന് 100 രൂപ അധികം നൽകണമെന്ന് വിക്രം ചൗധരി ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും അത് കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. കടയിലെ സിസിടിവി ദൃശ്യങ്ങളിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കടയിൽ സംസാരിച്ചു നിൽക്കുന്നതിനിടെ പെട്ടെന്ന് പ്രതി മൂർച്ചയുള്ള ആയുധം പുറത്തെടുത്ത് വിക്രമിനെ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വിക്രമും കടയിലുണ്ടായിരുന്ന മറ്റൊരു വ്യക്തിയും ചേർന്ന് അക്രമിയെ ഉടൻ തന്നെ പുറത്തേക്ക് തള്ളിമാറ്റുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിക്രം ചൗധരിയെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം ആസൂത്രിതമാണെന്ന് ആരോപിച്ച് ആളുകൾ ആശുപത്രി പരിസരത്ത് തടിച്ചുകൂടുകയും റോഡ് ഉപരോധിക്കുകയും ടയറുകൾ കത്തിക്കുകയും ചെയ്തു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു.










0 comments