ad
Deshabhimani

കർണാടകത്തിൽ രാഷ്ട്രീയ അഴിച്ചുപണി; ഡി കെ ശിവകുമാർ പുതിയ മുഖ്യമന്ത്രിയാകും

d k sivakumar
വെബ് ഡെസ്ക്

Published on May 27, 2026, 12:31 PM | 1 min read

ബെംഗളൂരു: കർണാടക കോൺഗ്രസിൽ നിർണായക ഭരണമാറ്റത്തിന് വഴിതുറക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ദീർഘനാളായി നിലനിന്നിരുന്ന തർക്കങ്ങൾക്കൊടുവിൽ ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി കെ ശിവകുമാർ കർണാടകത്തിന്റെ പുതിയ മുഖ്യമന്ത്രിയാകും.


അടുത്തയാഴ്ച തന്നെ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ ഉണ്ടായേക്കുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന. ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടൻ പദവി രാജിവെക്കും.


2023 മെയ് 20-നാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ കർണാടകത്തിൽ അധികാരമേറ്റത്. ഈ മാസം സർക്കാർ വിജയകരമായി മൂന്ന് വർഷം പൂർത്തിയാക്കിയിരുന്നു.


അധികാരം പങ്കിടലുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടാക്കിയ ധാരണയനുസരിച്ച്, കാലാവധിയുടെ പകുതി കഴിയുമ്പോൾ മുഖ്യമന്ത്രി സ്ഥാനം ഡി കെ ശിവകുമാറിന് കൈമാറണമെന്ന ആവശ്യം അദ്ദേഹത്തിന്റെ അനുയായികൾ ശക്തമാക്കിയിരുന്നു.


പദവി മാറ്റിനൽകിയില്ലെങ്കിൽ മന്ത്രിസ്ഥാനം ഉൾപ്പെടെയുള്ള എല്ലാ പദവികളും രാജിവെക്കുമെന്ന കടുത്ത നിലപാടിലായിരുന്നു ഡി കെ വിഭാഗം. തുടർന്ന് തർക്കം പരിഹരിക്കുന്നതിനായി സിദ്ധരാമയ്യയെയും ഡി കെ ശിവകുമാറിനെയും കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു.


എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് സിദ്ധരാമയ്യയോട് മാറിനിൽക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടത്.


ജൂണിൽ രാജ്യസഭാ കാലാവധി അവസാനിക്കുന്ന മല്ലികാർജുൻ ഖർഗെയെ മുഖ്യമന്ത്രിയാക്കണമെന്ന് മുൻപ് ചില കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നെങ്കിലും, ഒടുവിൽ ഡി കെ ശിവകുമാറിന് തന്നെ നറുക്ക് വീഴുകയായിരുന്നു. മുഖ്യമന്ത്രി മാറ്റത്തിനൊപ്പം കർണാടക മന്ത്രിസഭയിൽ വൻ അഴിച്ചുപണിയും പുതിയ കെപിസിസി അധ്യക്ഷന്റെ നിയമനവും ഉടൻ ഉണ്ടായേക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home