print edition കർണാടകത്തിൽ 32,000 പ്രൈമറി സ്‌കൂളുകൾ പൂട്ടുന്നു


വിനോദ് പായം
Published on Mar 27, 2026, 02:36 AM | 1 min read
ബംഗളൂരു : കുട്ടികൾ കുറവാണെന്നപേരിൽ 32,000 പ്രൈമറി സ്‌കൂളുകൾ പൂട്ടി അവയെ നഗര മേഖലയിലെ ആറായിരം സ്‌കൂളുകളിൽ ലയിപ്പിക്കാൻ കർണാടകത്തിലെ കോൺഗ്രസ് സർക്കാർ. ഗ്രാമീണ മേഖലയിലെ പ്രൈമറി സ്‌കൂളുകളാണ് നഷ്ടത്തിന്റെപേരിൽ നഗരത്തിലെ ‘മാഗ്‌നറ്റ് സ്‌കൂൾ’ എന്നറിയപ്പെടുന്ന കർണാടക പബ്ലിക് സ്‌കൂളുകളിലേക്ക് ലയിപ്പിക്കുന്നത്. ആറുകിലോമീറ്റർ ചുറ്റളവിലെ എല്ലാസ്‌കൂളുകളും പൂട്ടിയശേഷം ഒറ്റ സ്‌കൂളാക്കുന്നതാണ് പദ്ധതി. ഹുബ്ബള്ളി– ധാർവാഡ്, ചിക്കമഗളൂരു ജില്ലകളിലെ നിരവധി സ്‌കൂളുകൾക്ക് ഇതിനകം താഴുവീണു.
ചിക്കമഗളൂരു, ശിവമൊഗ, ഹസൻ, ചാമരാജ് നഗർ, ഹുബ്ബള്ളി– ധാർവാഡ് തുടങ്ങിയ മലയോര ജില്ലകളിലെ ഗ്രാമീണ മേഖലയിലാണ് വലിയ ആഘാതം. ഇവിടത്തെ കുട്ടികൾക്ക് നഗര പ്രദേശത്ത് എത്താനുള്ള വാഹനസൗകര്യം ഇല്ലാത്തതിനാൽ, പ്രാഥമിക വിദ്യാഭ്യാസംതന്നെ മുടങ്ങുന്ന അവസ്ഥയാണ്. ലയിപ്പിക്കുന്ന സ്‌കൂളുകളിലേക്ക് പോകാൻ വാഹനസൗകര്യം ഏർപ്പാടാക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇതിന്റെ ചെലവ് തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണം. ഇത് രക്ഷിതാക്കളിൽനിന്ന് ഇൗടാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
ചിക്കമഗളൂരു ജില്ലയിലെ കൊപ്പ, ശൃംഗേരി, മുഡിഗരെ, എൻആർ പുര താലൂക്കുകളിൽ ഇത്തവണ സ്‌കൂളുകളിൽ കുട്ടികളുടെ പ്രവേശനം കുറവാണ്. കഴിഞ്ഞ എട്ടുവർഷത്തിനകം അഗലഗണ്ടി പഞ്ചായത്തിലെ ഹുളിഗരടി, അരെഹല്ല, കൊലെഗോഡു, ഹലരനെ, കിറ്റലെഗോളി എന്നിവിടങ്ങളിലെ അഞ്ച് സർക്കാർ പ്രൈമറി സ്കൂളുകൾ പൂട്ടിയതായി പഞ്ചായത്തംഗം സുബ്രഹ്‌മണ്യ സോമനകൊടിഗെ പറഞ്ഞു. ശൃംഗേരി താലൂക്കിലെ കരേമനെ, ബൈരേദേവരു, ദയമ്പാലി ഗ്രാമത്തിലെ പ്രൈമറി സ്കൂളുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്.
കർണാടകത്തിലെ പൊതുവിദ്യാലയ വികസനത്തിന് സർക്കാർ എഡിബി വായ്‌പയെടുത്തിട്ടുണ്ട്. ഇതിന്റെ മാനദണ്ഡപ്രകാരം നഷ്ടത്തിലാകുന്ന സ്‌കൂളുകൾ ലയിപ്പിക്കണമെന്നുണ്ട്. ഗ്രാമീണ പ്രൈമറി മേഖലയിലെ 32,000 സ്‌കൂളുകളാണ് നഷ്ടത്തിലെന്ന് സർക്കാർ കണക്കാക്കിയത്. ഇവ ആറായിരം സ്‌കൂളുകളിൽ ലയിപ്പിക്കുന്ന പദ്ധതി അഞ്ചുവർഷത്തിനകം പൂർത്തിയാക്കണം.
കർണാടകത്തിൽ രണ്ടായിര-ത്തിനുശേഷം ‘ഒരു ഗ്രാമത്തിന് ഒരു സ്കൂൾ’ നയം നടപ്പാക്കിയപ്പോൾ ആദിവാസി, ദലിത് മേഖലയിലേയും പെൺകുട്ടികളുടെയും സ്കൂൾ ഹാജർ ഗണ്യമായി വർധിച്ചിരുന്നു. അതിൽനിന്നുള്ള പിന്മാറ്റമാണ് സിദ്ദരാമയ്യ സർക്കാർ നടത്തുന്നത്. എസ്‌എഫ്‌ഐ അടക്കമുള്ള ഇടതു വിദ്യാർഥി സംഘടനകൾ സ്‌കൂൾ പൂട്ടലിനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.









0 comments