ബംഗളൂരു വിജയാഘോഷദുരന്തം: ആർസിബിയെ കുറ്റപ്പെടുത്തി കർണാടക സർക്കാർ റിപ്പോർട്ട്

ബംഗളൂരു : റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ ആർസിബിയെ കുറ്റപ്പെടുത്തി കർണാടക സർക്കാരിന്റെ റിപ്പോർട്ട്. കർണാടക സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു സിറ്റി പൊലീസിന്റെ അനുമതി ഇല്ലാതെ വിജയാഘോഷ പരേഡിനായി ആളുകളെ ക്ഷണിച്ചുവെന്ന് പറയുന്നത്. കർണാടക ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് റിപ്പോർട്ട് പരസ്യമാക്കിയത്. റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന് സംസ്ഥാന സർക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു, എന്നാൽ അത്തരം രഹസ്യസ്വഭാവത്തിന് നിയമപരമായ കാരണങ്ങളൊന്നുമില്ലെന്ന് കോടതി പറഞ്ഞു.
ജൂൺ നാലിനാണ് ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ വിക്ടറി പരേഡ് സംഘടിപ്പിച്ചത്. എന്നാൽ ജൂൺ മൂന്നിനാണ് സംഘാടകരായ ആർസിബി മാനേജ്‌മെന്റ് പരിപാടിയെക്കുറിച്ച് പൊലീസിനെ വിവരം അറിയിക്കുന്നത്. അതിനാൽ തന്നെ പൊലീസിന് വേണ്ട രീതിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ സാധിച്ചിരുന്നില്ല. ഇത്തരം പരിപാടിക്ക് കുറഞ്ഞത് ഏഴ് ദിവസം മുമ്പെങ്കിലും അനുമതികൾ വാങ്ങണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
പൊലീസുമായി കൂടിയാലോചിക്കാതെ ആർസിബി അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വിധാൻ സൗധയിൽ ആരംഭിച്ച് ചിന്നസ്വാമി സ്റ്റേഡിയത്തിൽ അവസാനിക്കുന്ന വിക്ടറി പരേഡിൽ പങ്കെടുക്കാൻ പൊതുജനങ്ങളെ ക്ഷണിക്കുന്നുവെന്നും പ്രവേശനം സൗജന്യമായിരിക്കുമെന്നും അറിയിപ്പ് നൽകിയിരുന്നു. തുടർന്ന് ആരാധകരോടൊത്ത് വിജയം ആഘോഷിക്കാൻ ആഗ്രഹിക്കുന്നു എന്നുള്ള വിരാട് കോഹ്‌ലിയുടെ വീഡിയോ ക്ലിപ്പും ആർസിബി പോസ്റ്റ് ചെയ്തു. ആർസിബിയുടെ പോസ്റ്റുകൾക്ക് 44 ലക്ഷത്തോളം വ്യൂസ് ഉണ്ടായെന്നും ഇതോടെ കൂട്ടമായി ആളുകൾ ചിന്നസ്വാമിയിലേക്ക് എത്തുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു കിരീടം നേടിയതിന്റെ ഭാഗമായാണ് ചിന്നസ്വാമിയിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. ജൂൺ നാലിനായിരുന്നു സംഭവം. ആർസിബി താരങ്ങൾക്കുള്ള അനുമോദന ചടങ്ങിൽ പങ്കെടുക്കാനാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയത്. ആരാധകരുടെ തിക്കിലും തിരക്കിലുംപെട്ട് ആറുവയസുകാരി ഉൾപ്പെടെ 11 പേരാണ് മരിച്ചത്. അമ്പതിലേറെ പേർക്ക് പരിക്കേറ്റിരുന്നു. 40,000 പേർക്ക് പ്രവേശിക്കാൻ സാധിക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിൽ 2 ലക്ഷത്തോളം പേരാണ് തടിച്ചുകൂടിയത്.
ടീം സ്റ്റേഡിയത്തിൽ പ്രവേശിക്കുമെന്ന് കരുതിയ ഗേറ്റ് നമ്പർ മൂന്നിന് മുന്നിലാണ് വൈകിട്ട് തിക്കും തിരക്കുമുണ്ടായത്. വൻ ആളപായമുണ്ടായെന്ന് ബോധ്യപ്പെട്ടിട്ടും സ്റ്റേഡിയത്തിനുള്ളിൽ ടീമിനുള്ള സ്വീകരണം തുടർന്നു. പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് പരിപാടി നടത്തിയതെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു.









0 comments