print edition സിദ്ധരാമയ്യയെ തെറിപ്പിക്കാൻ ശിവകുമാർ; ഫലം വന്നാൽ കർണാടകത്തിലും അടിതുടങ്ങും

ബംഗളൂരു: കർണാടക മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് സിദ്ധരാമയ്യയെ മാറ്റാൻ നാലുദിവസം ഡൽഹിയിൽ തങ്ങി ചരടുവലിയുമായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും കർണാടകത്തിലെ രണ്ട് ഉപതെരഞ്ഞെടുപ്പ് ഫലവും വന്നാൽ, നേതൃമാറ്റവും മന്ത്രിസഭാ പുനഃസംഘടനയും പരസ്യമായി ആവശ്യപ്പെടാനാണ് സാധ്യത. തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ഹൈക്കമാൻഡ് ഇനിയും ദുർബലമാകുമെന്ന കണക്കുകൂട്ടലിൽ അത് അവസരമാക്കാനുമാണ് ശിവകുമാറിന്റെ പദ്ധതി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾത്തന്നെ, മുഖ്യമന്ത്രിസ്ഥാനം പങ്കിടാൻ ധാരണയുണ്ടായിരുന്നുവെന്ന് ശിവകുമാർപക്ഷം പറയുന്നു. എന്നാൽ, സിദ്ധരാമയ്യ ഇത് പരസ്യമായി തള്ളി. നാലുദിവസം ഡൽഹിയിൽ തങ്ങി മല്ലികാർജുൻ ഖാർഗെ, കെ സി വേണുഗോപാൽ എന്നിവരുമായി ചർച്ച നടത്തിയാണ് ശിവകുമാർ മടങ്ങിയത്.
അതിനിടെ, പാർടിയിലെ ആഭ്യന്തര ഭിന്നത പരിഹരിക്കാൻ ഹൈക്കമാൻഡ് ഇടപെടണമെന്ന മന്ത്രി സതീഷ് ജാർക്കിഹോളിയുടെ പ്രതികരണം കർണാടക കോൺഗ്രസിൽ സമ്മർദം കൂട്ടി. പാർടിനേതൃത്വം ഉചിതമായ സമയത്ത് ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നാണ് ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയ ഡി കെ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞത്. പാർടി നിർദേശം താനും മുഖ്യമന്ത്രിയും പാലിക്കുമെന്നും ആവർത്തിച്ചു.
ശിവകുമാറിന് സമുദായ നേതാക്കളുടെ പിന്തുണ
വിവിധ സമുദായ നേതാക്കളെയും സ്വാമിമാരെയും ഇടപെടുത്തി മുഖ്യമന്ത്രിസ്ഥാനത്തിനായി ശിവകുമാർ സമ്മർദം തുടരുകയാണ്. മെയ് 15നാണ് ശിവകുമാറിന്റെ ജന്മദിനം. അതോടനുബന്ധിച്ച് പ്രഖ്യാപനമുണ്ടാകണമെന്നാണ് ശിവകുമാർപക്ഷത്തിന്റെ ആഗ്രഹം.
കർണാടക പിന്നാക്കവിഭാഗം ഫോറത്തിന്റെ പ്രസിഡന്റായ പ്രണവാനന്ദ സ്വാമി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശിവകുമാറിനെ പരസ്യമായി പിന്തുണച്ചു. നേതൃമാറ്റം ഉണ്ടായില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും സ്വാമി മുന്നറിയിപ്പുനൽകി. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഹൈക്കമാൻഡിനെ അറിയിക്കാൻ 25 സ്വാമിമാരെ ന്യൂഡൽഹിയിലേക്ക് കൊണ്ടുപോകുമെന്നും പ്രണവാനന്ദ സ്വാമി പറഞ്ഞു.









0 comments