കർണാടക മുഖ്യമന്ത്രി തർക്കം: സിദ്ധരാമയ്യ രാജിവെച്ചേക്കും, ശിവകുമാറിന് കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ

ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിക്കായുള്ള വടംവലി തുടരവെ വിഷയത്തിൽ താൽക്കാലിക ശമനമായെന്ന് റിപ്പോർട്ടുകൾ. ശിവകുമാറിനെ കേന്ദ്ര കോൺഗ്രസ് നേതൃത്വം പൂർണമായി അംഗീകരിച്ചതായാണ് വിവരങ്ങൾ പുറത്തുവരുന്നത്. രാജ്യസഭ സീറ്റും രാജ്യതലസ്ഥാനത്ത് കൂടുതൽ മികച്ച സ്ഥാനവും നൽകാമെന്ന് പറഞ്ഞാണ് നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കേന്ദ്ര നേതൃത്വം വരുതിയിലാക്കിയത്.
എന്നാൽ, വിഷയത്തിൽ ആലോചിച്ച മറുപടി പറയാമെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. സിദ്ധരാമയ്യ തന്റെ വിശ്വസ്തരുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നാണ് സൂചന. ഹൈക്കമാൻഡിന്റെ തീരുമാനങ്ങൾ അനുസരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബുധനാഴ്ചയോടെ രാജിവച്ചേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ആറ് മണിക്കൂർ മാരത്തോൺ യോഗം നടത്തിയ കോൺഗ്രസ് മൂന്ന് രാജ്യസഭാ സീറ്റുകളെ കുറിച്ചാണ് ചർച്ച നടത്തിയതെന്നും മറ്റ് രീതിയിലുള്ള ഊഹങ്ങൾ പ്രചരിപ്പിക്കരുതെന്നും മാധ്യങ്ങളോട് പ്രതികരിച്ചു. രാജ്യസഭ തെരഞ്ഞെടുപ്പ്, എംഎൽസി തെരഞ്ഞെടുപ്പ് എന്നിവയെ സംബന്ധിച്ചാണ് ചർച്ച നടന്നത് എന്നാണ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പ്രതികരിച്ചത്. എന്നാൽ സംസ്ഥാന കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ മുഖ്യമന്ത്രി തർക്കം തന്നെയാണ് പ്രധാന അജണ്ടയിൽ ഒന്നായത് എന്ന് തന്നെയാണ് വിവരം
മുഖ്യമന്ത്രിസ്ഥാനം നിലനിർത്താൻ സിദ്ധരാമയ്യയും പിടിച്ചെടുക്കാൻ ഡി കെ ശിവകുമാറും നടത്തുന്ന പോര് മുറുകിയതോടെ കർണാടക കോൺഗ്രസ് വൻ പൊട്ടിത്തെറിയിലേക്ക് നീങ്ങിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി സന്നദ്ധത അറിയിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കില്ലെന്ന വാശിയിലാണ്. തന്നെ മാറ്റിയാൽ ദളിത് വിഭാഗക്കാരനായ ജി പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്നും വാദിക്കുന്നു.









0 comments