നേതൃമാറ്റത്തിനായി തമ്മിലടി : കലങ്ങിമറിഞ്ഞ്‌ കർണാടക കോൺഗ്രസ്‌

Karnataka Congress clash
വെബ് ഡെസ്ക്

Published on Jul 02, 2025, 02:39 AM | 1 min read


ബംഗളൂരു

ദേശീയ നേതൃത്വം ഇടപെട്ടിട്ടും അഴിമതിയിലും ഗ്രൂപ്പ്‌ പോരിലും മുങ്ങിയ കർണാടകത്തിലെ കോൺ​ഗ്രസിൽ തമ്മിലടി മുറുകുന്നു. മുഖ്യമന്ത്രിയായ സിദ്ധരാമയ്യക്കെതിരെ പടയൊരുക്കം ശക്തിയാക്കി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും അനുയായികളും. മുൻധാരണ പ്രകാരം അടുത്ത സെപ്തംബറിൽ മുഖ്യമന്ത്രിസ്ഥാനം ഡി കെ ശിവകുമാറിന് കൈമാറണം. എന്നാൽ ഭരണം വിട്ടിറങ്ങില്ല എന്ന് സിദ്ധരാമയ്യപക്ഷം നിലപാടെടുത്തതോടെ ഇരുപക്ഷവും ഏറ്റുമുട്ടലിലേക്ക്‌ നീങ്ങുകയാണ്‌.


സിദ്ദരാമയ്യയുടെ രാജി ആവശ്യപ്പെട്ട്‌ നൂറോളം എംഎൽഎമാർ രംഗത്തുണ്ടെന്നും നേതൃമാറ്റത്തിനായി കാത്തിരിക്കുകയാണെന്നും കോൺഗ്രസ്‌ എംഎൽഎ ഇഖ്‌ബാൽ ഹുസൈൻ മാധ്യമങ്ങളോട് പറഞ്ഞു. നേതൃമാറ്റം നടന്നില്ലെങ്കിൽ, 2028 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‌ ഭൂരിപക്ഷം നേടാനോ അധികാരം നിലനിർത്താനോ കഴിയില്ലെന്നും മുന്നറിയിപ്പ് നല്‍കി.


കോൺ​ഗ്രസ് എംഎൽഎമാരുമായി കൂടിക്കാഴ്‌ച നടത്താൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ്‌സിങ്‌ സുർജേവാല സംസ്ഥാനത്തുള്ളപ്പോഴാണ് ഇഖ്ബാല്‍ ഹുസൈന്റെ പ്രതികരണം. ഇഖ്ബാൽ ഹുസൈന് പരസ്യപ്രസ്‌താവനയ്‌ക്ക്‌ പിന്നാലെ കാരണംകാണിക്കല്‍ നോട്ടീസ് നൽകി. തനിക്കുവേണ്ടി ആരും പരസ്യമായി രം​ഗത്തുവരേണ്ടതില്ലെന്ന് ഡി കെ ശിവകുമാര്‍ പ്രതികരിച്ചു.


കർണാടകയിൽ നേതൃമാറ്റം ചര്‍ച്ചചെയ്‌തില്ലെന്ന് സുർജേവാല മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, അസംതൃപ്‌തരായ എംഎൽഎമാർ നേതൃമാറ്റത്തിൽ ഉറച്ചുനിൽക്കുകയാണ്‌. എംഎൽഎമാരുടെ കൂട്ടരാജി ഒഴിവാക്കാൻ മന്ത്രിസഭാ പുനഃസംഘടനയും പാർടി നേതൃത്വ ഘടനയിലെ മാറ്റങ്ങളും പരിഗണിക്കുന്നതായാണ് റിപ്പോർട്ട്.


രാജീവ് ഗാന്ധി ഹൗസിങ്‌ കോർപ്പറേഷൻ ലിമിറ്റഡിന് കീഴിൽ വീട് അനുവദിക്കുന്നതിലെ അഴിമതി, മുഡ അഴിമതി, വാല‍്മീകി 
കോർപ്പറേഷൻ അഴിമതി തുടങ്ങി നിരവധി ആരോപണങ്ങളിൽ ഉത്തരമില്ലാതെ നിൽക്കുകയാണ് സർക്കാർ.




deshabhimani section

Related News

View More
0 comments
Sort by

Home