ad
Deshabhimani

print edition കർണാടക കോൺഗ്രസിൽ അധികാര വടംവലി മുറുകി

Karnataka Congress
വെബ് ഡെസ്ക്

Published on Apr 26, 2026, 01:01 AM | 1 min read

ന്യൂഡൽഹി: മുഖ്യമന്ത്രിപദവി ലക്ഷ്യമിട്ടുള്ള നീക്കം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സജീവമാക്കിയതോടെ കർണാടക കോൺഗ്രസിൽ അധികാര വടംവലി മുറുകി. സഹോദരൻ ഡി കെ സുരേഷിനൊപ്പം ഡൽഹിയിൽ എത്തിയ ശിവകുമാർ കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്‌ച നടത്തി. ശിവകുമാർ ഡൽഹിയിൽ ചരടുവലികൾ തുടരുന്നതിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ബംഗ്ലുരുവിൽ വിശ്വസ്‌തരായ മന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ച്‌ സ്ഥിതിഗതി വിലയിരുത്തി.


നിയമസഭ തെരഞ്ഞെടുപ്പിന്‌ രണ്ടുവർഷം മാത്രം ശേഷിക്കെ എത്രയും വേഗം മുഖ്യമന്ത്രി മാറ്റത്തിൽ തീരുമാനമുണ്ടാകണമെന്നാണ്‌ ശിവകുമാറിന്റെ ആവശ്യം. ഖാർഗെയുമായി നടത്തിയ കൂടിക്കാഴ്‌ച മുക്കാൽ മണിക്കൂറോളം നീണ്ടു. സംസ്ഥാന രാഷ്ട്രീയമാണ്‌ ചർച്ച ചെയ്‌തതെന്ന്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷം ശിവകുമാർ പറഞ്ഞു. ഖാർഗെ പരസ്യപ്രതികരണത്തിന്‌ തയാറായിട്ടില്ല. വെള്ളിയാഴ്‌ചത്തെ മന്ത്രിസഭാ യോഗം ബഹിഷ്‌ക്കരിച്ചാണ്‌ ശിവകുമാർ ഡൽഹിയിൽ എത്തിയത്‌.


ബംഗളൂരുവിൽ സിദ്ധരാമയ്യ വിളിച്ചുചേർത്ത യോഗത്തിൽ ബി സുരേഷ്‌, ജി പരമേശ്വര, കെ എച്ച്‌ മുനിയപ്പ, സതീഷ്‌ ജാർകിഹോളി, സമീർ അഹമദ്‌ ഖാൻ, ദിനേശ്‌ ഗുണ്ടുറാവു തുടങ്ങിയ മന്ത്രിമാർ പങ്കെടുത്തു. ദേവനാഗരെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളും കോൺഗ്രസിനെ ഉലയ്‌ക്കുകയാണ്‌. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള നേതാക്കൾ അവഗണന നേരിടുകയാണെന്ന്‌ ചൂണ്ടിക്കാട്ടി കോൺഗ്രസിന്റെ ന്യൂനപക്ഷ വകുപ്പ്‌ ചെയർമാൻ കെ അബ്‌ദുൾ ജബ്ബാർ രാജിവച്ചു.


ന്യൂനപക്ഷങ്ങൾ കൂടുതലായുള്ള ദേവനാഗരെയിൽ മന്ത്രി എസ്‌ എസ്‌ മല്ലികാർജുന്റെ മകൻ സമർത്ഥ്‌ മല്ലികാർജുന്‌ സീറ്റ്‌ നൽകിയതിൽ കോൺഗ്രസിലെ ന്യൂനപക്ഷവിഭാഗം നേതാക്കൾ അമർഷം പ്രകടിപ്പിച്ചിരുന്നു. എസ്‌ഡിപിഐ സ്ഥാനാർഥിയെ സഹായിച്ചുവെന്ന ആരോപണത്തെ തുടർന്ന്‌ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന നസീർ അഹമ്മദിനെ കഴിഞ്ഞ ദിവസം സ്ഥാനത്ത്‌ നിന്ന്‌ നീക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home