ജാതി സെൻസസ് റിപ്പോർട്ട് അംഗീകരിച്ച് കർണാടക മന്ത്രിസഭ

ബംഗളൂരൂ : വിവാദമായ ജാതി സെൻസസ് റിപ്പോർട്ട് അംഗീകരിച്ച് കർണാടക മന്ത്രിസഭ. ഏപ്രിൽ 17ന് നടക്കുന്ന യോഗത്തിൽ റിപ്പോർട്ടിനെപ്പറ്റി വിശദമായി ചർച്ച ചെയ്യും. ആറ് മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തില്ല. 2015ൽ കർണാടക പിന്നാക്കവിഭാഗ കമീഷൻ നടത്തിയ സർവേ റിപ്പോർട്ടാണ് ഇന്ന് മന്ത്രിസഭ അംഗീകരിച്ചത്. എച്ച് കാന്തരാജിന്റെ നേതൃത്വത്തിൽ ആരംഭിച്ച സർവേ കെ ജയപ്രകാശാണ് പൂർത്തീകരിച്ചത്. മുദ്രവച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
വിവിധ ജതി- മത വിഭാഗങ്ങളെപ്പറ്റിനടത്തിയ പഠനറിപ്പോർട്ടിൽ 50 അധ്യായങ്ങളുണ്ട്. ഇതിന്റെ കോപ്പി എല്ലാ മന്ത്രിമാർക്കും നൽകുമെന്ന് പിന്നാക്ക ക്ഷേമ വിഭാഗ മന്ത്രി ശിവരാജ് തങ്കാഡഗി പറഞ്ഞു. സർവേ നടത്തിയത് കാര്യക്ഷമമായല്ലെന്നു കാട്ടി ലിംഗായത്ത്, വൊക്കലിംഗ വിഭാഗങ്ങൾ രംഗത്തെത്തിയിരുന്നു. ഭാരത് ഇലക്ട്രോണിക്സുമായി ചേർന്നാണ് ഡാറ്റകൾ ക്രമീകരിച്ചത്.
2015ൽ കർണാടകയിലെ ജനസംഖ്യ 6.35 കോടി ആയിരുന്നുവെന്നും സർവേയിൽ 5.98 കോടി ജനങ്ങളെ പരിഗണിച്ചതെന്നുമാണ് മന്ത്രി അറിയിച്ചത്. 37 ലക്ഷം പേർ മാത്രമാണ് സർവേ വിവരങ്ങളിൽ നിന്ന് പുറത്തായതെന്നുംന്നും ഇത് ആകെ ജനസംഖ്യയുടെ 5.83 ശതമാനം മാത്രമേ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു. 162 കോടി രൂപ ചിലവിൽ 1,60,000 ഔദ്യോഗിക പ്രതിനിധികളാണ് സർവേ നടത്തിയത്.








0 comments