ad
Deshabhimani

ലഡാക്കിൽ അഞ്ച് ജില്ലകൾ കൂടി പ്രഖ്യാപിച്ച് കേന്ദ്രം, മുറിച്ചത് വിഭാഗീയത ഉറപ്പാക്കി

ladak
വെബ് ഡെസ്ക്

Published on Apr 30, 2026, 03:52 PM | 3 min read

ലേ: ജമ്മു കശ്മീര്‍ മേഖലയിൽ വീണ്ടും വിഭാഗീയ രാഷ്ട്രീയ ലക്ഷ്യങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. മതപരമായ വേര്‍തിരിവ് വര്‍ധിപ്പിക്കാൻ ഉദ്ദേശിച്ചുള്ള പുതിയ ജില്ലാ വിഭജനം വൻ പ്രതിഷേധം ഉയര്‍ത്തുന്നു. ലഡാക്കിനെ മുറിച്ച് പുതിയ അഞ്ച് ജില്ലകൾ കൂടി രൂപവത്കരിച്ചതിലാണ് പ്രശ്നം. ഭരണപരമായ സൗകര്യത്തിനായി എന്ന വിശദീകരണത്തോടെ കൊണ്ടുവന്ന പരിഷ്കാരമാണ്. ബിജെപിയുടെ പതിവ് വിഭാഗീയ തന്ത്രങ്ങളാണ് പ്രയോഗിച്ചിരിക്കുന്നത്. ജില്ലകൾ ഉൾപ്പെടുന്ന ഭൂവിഭാഗങ്ങളെ മതപരമായി വേര്‍തിരിച്ചതാണ് അതിര്‍ത്തി തിരിച്ചിരിക്കുന്നത്.


കഴിഞ്ഞ തിങ്കളാഴ്ചയാണ് ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന പുതിയ അഞ്ച് ജില്ലകൾ പ്രഖ്യാപിച്ചത്: നുബ്ര (Nubra), ഷാം (Sham), ചാങ്താങ് (Changthang), സാൻസ്കർ (Zanskar), ദ്രാസ് (Drass) എന്നീ ജില്ലകളാണ് പുതിയതായി നിലവിൽ വന്നത്. ഇതോടെ ലഡാക്കിലെ ആകെ ജില്ലകളുടെ എണ്ണം ഏഴായി.


പുതിയ വിഭജനപ്രകാരം ലഡാക്കിൽ അഞ്ച് ബുദ്ധമത ഭൂരിപക്ഷ ജില്ലകളും രണ്ട് മുസ്ലിം ഭൂരിപക്ഷ ജില്ലകളും (കാർഗിൽ, ദ്രാസ്) എന്ന നിലയിലാണ് വേര്‍തിരിവ് വരുത്തിയിരിക്കുന്നത്. ജനസംഖ്യയിൽ ഭൂരിഭാഗവും കാർഗിൽ മേഖലയിലാണ്. എന്നാൽ മുസ്ലിം ഭൂരിപക്ഷ പ്രദേശം കൂടിയായ കാർഗിലിൽ രണ്ട് ജില്ലകൾ മാത്രമാണ് അനുവദിച്ചത്. ബോധപൂർവ്വം വിഭജനവും വിഭാഗീയതയും സൃഷ്ടിക്കയാണ് ചെയ്യുന്നതെന്ന് പ്രാദേശിക നേതാക്കൾ ആരോപിച്ചു. ജനസംഖ്യയിൽ ഭൂരിഭാഗവും കാർഗിലിലായിരുന്നിട്ടും ജില്ലകളുടെ എണ്ണത്തിൽ വിവേചനം കാണിക്കുന്നത് "ഗെറ്റോവൽക്കരണത്തിന്" (Ghettoization) തുല്യമാണെന്നും ചൂണ്ടികാട്ടി.


ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സങ്കു (Sankoo) മേഖലയെ ജില്ലയാക്കാതെ ഒഴിവാക്കിയത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ദ്രാസിനെ പുതിയ ജില്ലയാക്കിയപ്പോൾ, അവിടുത്തെ ഷീന (Sheena) ഗോത്രവിഭാഗത്തെ മതപരമായ അടിസ്ഥാനത്തിൽ വിഭജിക്കാൻ അതിർത്തികൾ നിശ്ചയിച്ചതായും വിമർശനമുണ്ട്.


പുതിയ വിഭജനത്തിൽ രാഷ്ട്രീയവും സാമുദായികവുമായ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നാണ് കാർഗിലിലെ ജന നേതാക്കൾ ഉന്നയിക്കുന്ന പ്രധാന പരാതി. കാർഗിലിലെ ഏറ്റവും വലിയ സബ് ഡിവിഷനുകളായ സങ്കു (Sankoo), ശാകർ ചിക്തൻ എന്നിവയെ ജില്ലകളാക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. ഏറെ കാലമായി ഈ രണ്ട് ജില്ലകൾക്ക് വേണ്ടിയുള്ള ആവശ്യം തുടരുന്നു. പക്ഷേ, താരതമ്യേന ജനസംഖ്യ കുറഞ്ഞ സ്ഥലങ്ങൾക്ക് ജില്ലാ പദവി നൽകിയപ്പോൾ ഈ പ്രദേശങ്ങളെ ഒഴിവാക്കിയത് "നിർഭാഗ്യകരമാണ്" എന്ന് കാർഗിൽ ഹിൽ കൗൺസിൽ ചെയർമാൻ മുഹമ്മദ് ജാഫർ അഖൂൻ മാധ്യമങ്ങളോട് പ്രതികരിച്ചു.


ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ സംരക്ഷണവും ആവശ്യപ്പെട്ട് ലേയിലെയും കാർഗിലിലെയും ജനങ്ങൾ ഒറ്റക്കെട്ടായി നടത്തുന്ന സമരത്തെ ഭിന്നിപ്പിക്കാനുള്ള തന്ത്രമാണിതെന്ന് കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് ആരോപിച്ചു.


വിഭാഗീയത ഉയര്‍ത്താൻ ലക്ഷ്യം വെച്ചുള്ള വിഭജനത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലഡാക്കിലേക്ക് യാത്ര പ്രഖ്യാപിച്ചിട്ടുണ്ട്.

ബുദ്ധപൂർണിമയോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര ചടങ്ങുകളിൽ പങ്കെടുക്കൻ എന്നാണ് വിശദീകരണം.


പുതിയ ജില്ലകളുടെ പ്രഖ്യാപനത്തിൽ ദ്രാസ്, സാൻസ്കർ എന്നിവിടങ്ങളിൽ ജനങ്ങൾ ആഹ്ലാദിക്കുമ്പോഴും, കാർഗിലിലെ പ്രതിഷേധം വര്‍ധിക്കയാണ്.

മെയ് 22-ന് ലഡാക്ക് നേതാക്കളുമായി സംസ്ഥാന പദവി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്ര സർക്കാർ അടുത്ത വട്ട ചർച്ച നിശ്ചയിച്ചിട്ടുണ്ട്. ഇതിനിടയിലാണ് തിടുക്കപ്പെട്ട് പുതിയ ജില്ലാ വിഭജനം പ്രഖ്യാപിച്ചത്.


വിഭജനത്തിനെതിരെ ജനം,

ജനങ്ങളെ വിഭജിക്കാൻ സര്‍ക്കാര്‍


ലഡാക്കിലെ ആകെ ജനസംഖ്യയിൽ ഏതാണ്ട് 46% മുസ്ലിം വിഭാഗവും 40% ബുദ്ധമതവിഭാഗവുമാണ്. പുതിയ വിഭജനപ്രകാരം അഞ്ച് ജില്ലകൾ ബുദ്ധമത ഭൂരിപക്ഷമുള്ളവയും (ലേ, നുബ്ര, ഷാം, ചാങ്താങ്, സാൻസ്കർ), രണ്ട് ജില്ലകൾ മാത്രം മുസ്ലിം ഭൂരിപക്ഷമുള്ളവയുമായി (കാർഗിൽ, ദ്രാസ്) മാറി.


2019-ൽ ലഡാക്ക് കേന്ദ്രഭരണ പ്രദേശമായതിനുശേഷം, ലേയിലെ ബുദ്ധമതക്കാരും കാർഗിലിലെ മുസ്ലിംങ്ങളും ഒന്നിച്ചാണ് ലഡാക്കിന് സംസ്ഥാന പദവിക്കും ആറാം ഷെഡ്യൂൾ സംരക്ഷണത്തിനുമായി സമരം ചെയ്യുന്നത്. സാൻസ്കർ, നുബ്ര എന്നിങ്ങനെയുള്ള പ്രത്യേക പ്രദേശങ്ങൾക്ക് ജില്ലാ പദവി നൽകുന്നതിലൂടെ ആ പ്രദേശങ്ങളിലെ ജനങ്ങളെ സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനും ലേ-കാർഗിൽ ഐക്യം തകർക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് സമരസമിതികൾ ചൂണ്ടികാട്ടുന്നു. ഭൂഅതിരുകൾ തന്നെ വേര്‍തിരിച്ച് മതപരവും വികസനപരവുമായ അന്തരം സൃഷ്ടിച്ച് ജനങ്ങള പരസ്പരം അകറ്റുകയാണ് ചെയ്യുന്നത്.


പുതിയ ജില്ലകൾ വരുന്നതോടെ കൂടുതൽ ഡെപ്യൂട്ടി കമ്മീഷണർമാരും എസ്പി മാരും നിയമിതരാകും. ഇത് ജനങ്ങൾ തെരഞ്ഞെടുത്ത ഹിൽ കൗൺസിലുകളുടെ അധികാരം കുറയ്ക്കാനും, കേന്ദ്രം നിയമിക്കുന്ന ലെഫ്റ്റനന്റ് ഗവർണറുടെയും ഉദ്യോഗസ്ഥരുടെയും നിയന്ത്രണം വർദ്ധിപ്പിക്കാനുമാണ് സഹായിക്കുക എന്ന ആശങ്കയും നിലനിൽക്കുന്നു. ഭരണപരമായ വികേന്ദ്രീകരണം എന്നതിലുപരി, ലഡാക്കിലെ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന രാഷ്ട്രീയ ഐക്യം തകർക്കാനും ഒരു പ്രത്യേക വിഭാഗത്തിന് കൂടുതൽ പ്രാധാന്യം നൽകാനുമുള്ള "അഡ്മിനിസ്ട്രേറ്റീവ് ജെറിമാൻഡറിങ്" (Administrative Gerrymandering) ആണ് ഇവിടെ നടക്കുന്നത് എന്നാണ് പ്രതിഷേധക്കാരുടെ വാദം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home