വസ്ത്രമുപയോഗിച്ച് റെയിൽവേ സിഗ്നൽ മറച്ച് തീവണ്ടി നിർത്തിച്ചു; കോച്ചിൽ കയറി മാല കവർന്ന പ്രതി പിടിയിൽ

പ്രതീകാത്മക ചിത്രം
ചെന്നൈ: റെയിൽവേ സിഗ്നൽ ലൈറ്റ് വസ്ത്രം ഉപയോഗിച്ച് മറച്ച് തീവണ്ടി നിർത്തിച്ച ശേഷം റിസർവ്ഡ് കോച്ചിൽ കയറി യാത്രക്കാരിയുടെ മാല കവർന്ന പ്രതിയെ തമിഴ്‌നാട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. വില്ലിവാക്കം സ്വദേശിയായ കുമരേശൻ (36) ആണ് പിടിയിലായത്. ചെന്നൈ എഗ്‌മോറിൽനിന്ന് തിരുനെൽവേലിയിലേക്ക് പോവുകയായിരുന്ന നെല്ലൈ എക്സ്പ്രസിലാണ് കവർച്ചാ ശ്രമം നടന്നത്.
വ്യാഴാഴ്ച രാത്രി 8.50-ന് എഗ്‌മോറിൽനിന്ന് പുറപ്പെട്ട തീവണ്ടി രാത്രി 10 മണിയോടെ താംബരത്തിനും കട്ടാൻകുളത്തൂരിനും ഇടയിലെത്തിയപ്പോഴാണ് സംഭവം. റെയിൽവേ ട്രാക്കിലെ സിഗ്നൽ ലൈറ്റ് പെട്ടെന്ന് കാണാതായതിനെ തുടർന്ന് ലോക്കോ പൈലറ്റ് തീവണ്ടി നിർത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സിഗ്നൽ ലൈറ്റ് ഒരു ഷർട്ട് ഉപയോഗിച്ച് മറച്ച നിലയിൽ കണ്ടെത്തി.
തീവണ്ടിയിലെ ഗാർഡ് ഇറങ്ങി ഈ വസ്ത്രം മാറ്റുന്നതിനിടയിലാണ് പ്രതി കുമരേശൻ റിസർവ്ഡ് കോച്ചിലേക്ക് അതിക്രമിച്ചു കയറിയത്. തുടർന്ന് കോച്ചിനുള്ളിലെ ശൗചാലയത്തിലേക്ക് പോകുകയായിരുന്ന തൂത്തുക്കുടി സ്വദേശിനിയുടെ 11 പവന്റെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. യുവതി ചെറുത്തുനിൽപ്പ് നടത്തിയതോടെ മാലയുടെ ഒരു ഭാഗം മാത്രം പൊട്ടിച്ചെടുത്ത് പ്രതി ഇരുട്ടിന്റെ മറവിൽ ഓടി രക്ഷപ്പെടുകയായിരുന്നു.
യുവതിയുടെ പരാതിയെ തുടർന്ന് താംബരം റെയിൽവേ പൊലീസ് നടത്തിയ ദ്രുതഗതിയിലുള്ള തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ കുമരേശന്റെ പേരിൽ കുറുക്കുപ്പേട്ട, റോയപുരം റെയിൽവേ പോലീസ് സ്റ്റേഷനുകളിലായി പത്തോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും ഇയാൾ മുൻപ് ഗുണ്ടാനിയമ പ്രകാരം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതിക്കെതിരെ ഇന്ത്യൻ റെയിൽവേ ആക്ട് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.










0 comments