എബോളയിൽ ആശ്വാസം; സുഡാനിൽ നിന്നെത്തിയ പാലാ സ്വദേശിനിയുടെ ഫലം നെഗറ്റീവ്, ആശുപത്രി വിട്ടു

പ്രതീകാത്മക ചിത്രം
കോട്ടയം: എബോള ബാധയെന്ന സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പാലാ സ്വദേശിനിയുടെ ഫലം നെഗറ്റീവ്. തുടർന്ന് ഇവർ ആശുപത്രി വിട്ടു. പൂന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്കായി അയച്ച രക്തസാമ്പിളുകളുടെ ഫലം പൂർണമായും നെഗറ്റീവായതിനെ തുടർന്നാണ് പാലാ സ്വദേശിനിയെ ഡിസ്ചാർജ് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് നിലനിന്നിരുന്ന എബോള ഭീതി ഒഴിഞ്ഞു.
ആഫ്രിക്കൻ രാജ്യമായ ദക്ഷിണ സുഡാനിൽ ജോലി ചെയ്തിരുന്ന ഇവരെ കഴിഞ്ഞ ബുധനാഴ്ചയാണ് രോഗലക്ഷണങ്ങളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. സുഡാനിൽ നിന്ന് യുഗാണ്ട വഴിയാണ് ഇവർ നാട്ടിലെത്തിയത്. പിന്നാലെ ഇവർ നേരിയ അസ്വസ്ഥതകൾ നേരിട്ടു.
ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുമായി ബന്ധപ്പെട്ട ആഗോള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ചുള്ള മുൻകരുതലിന്റെ ഭാഗമായി ഇവരെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. വിദഗ്ധ മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിൽ രോഗിയെ നിരീക്ഷിച്ചു വരികയായിരുന്നു. ലക്ഷണങ്ങളിൽ വലിയ അസ്വാഭാവികതകൾ ഒന്നും തന്നെ പ്രകടമല്ലായിരുന്നില്ല എങ്കിലും ആശുപത്രിയിൽ തുടരുകയായിരുന്നു. പരിശോധനയിൽ എബോള വൈറസിന്റെ സാന്നിധ്യമില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് ഇവരെ ഡിസ്ചാർജ് ചെയ്തത്.









0 comments