ഇടവപ്പാതി വീണ്ടും ശക്തിപ്രാപിക്കുന്നു; അടുത്ത ഒരാഴ്ചക്കാലം കനത്ത മഴയ്ക്ക് സാധ്യത

ഫയൽ ചിത്രം
തിരുവനന്തപുരം: രാജ്യത്ത് ഇടവപ്പാതി വീണ്ടും ശക്തിപ്രാപിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അടുത്ത ഒരാഴ്ചക്കാലം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായിരിക്കും രാജ്യത്ത് ഏറ്റവും ശക്തമായ മഴ പെയ്യാൻ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവർഷം വൈകിയെത്തിയത് രാജ്യത്തെ കാർഷിക മേഖലയെ വലിയ തോതിൽ ആശങ്കയിലാഴ്ത്തിയിരുന്നുവെങ്കിലും, ഇപ്പോൾ മഴ വീണ്ടും ശക്തമാകുന്നത് രാജ്യത്തെ കർഷകർക്ക് വലിയ രീതിയിൽ ആശ്വാസം പകരുന്നുണ്ട്.
ജൂൺ 19 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും കനത്ത മഴ പെയ്തേക്കാം. തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നീ പ്രദേശങ്ങളിൽ ജൂൺ 19 നും 21 നും ഇടയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. തീരദേശ കർണാടകയിൽ ജൂൺ 21 മുതൽ 25 വരെയും, കർണാടകയുടെ വടക്കൻ-തെക്കൻ ഉൾപ്രദേശങ്ങളിൽ ജൂൺ 22, 23 തീയതികളിൽ അതിശക്തമായ മഴയുണ്ടായേക്കും. ഇതിനുപുറമേ, ലക്ഷദ്വീപിൽ ജൂൺ 21-ഓടെ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട്.
വടക്കൻ-മധ്യ ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും പരക്കെ പെയ്യുന്ന ശക്തമായ മഴ ഇതുവരെ തുടങ്ങിയിട്ടില്ല. എങ്കിലും, വരുംദിവസങ്ങളിൽ കാലവർഷം കനക്കുമെന്നതിന്റെ വ്യക്തമായ സൂചനകളുണ്ട്. ജൂൺ 19 നും 25 നും ഇടയിൽ ഛത്തീസ്ഗഡ്, മധ്യപ്രദേശിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങൾ, വിദർഭ എന്നിവിടങ്ങളിൽ മഴ പെയ്തേക്കുമെന്ന് ഐ എം ഡി വ്യക്തമാക്കി.
ജൂൺ 19, 20 തീയതികളിൽ പടിഞ്ഞാറൻ മധ്യപ്രദേശിൽ മണിക്കൂറിൽ 50 മുതൽ 70 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ ചൂഴലിക്കാറ്റിന് സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതേ സ്ഥലങ്ങളിൽ ജൂൺ 23 വരെ ഇടിയോടും മിന്നലോടും കൂടിയ കനത്ത മഴ തുടർന്നേക്കാം.










0 comments