ad
Deshabhimani

മഹാരാഷ്ട്രയിൽ ഭക്ഷ്യവിഷബാധ; ഒരേ കടയിൽ നിന്ന് ഭക്ഷണം കഴിച്ച 59 പേർ ആശുപത്രിയിൽ

Maharashtra.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 20, 2026, 09:38 AM | 1 min read

മുംബൈ: മഹാരാഷ്ട്രയിലെ ഭിവാണ്ടിയിൽ ഒരേ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച 59 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇവരെ ഭിവാണ്ടിയിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ (ഐജിഎം) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


നിലവിൽ ആശുപത്രിയിൽ കഴിയുന്ന എല്ലാ രോഗികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളുമായി ആളുകൾ ആശുപത്രിയിൽ എത്തിത്തുടങ്ങിയത്.


വെള്ളിയാഴ്ചയോടെ രോഗികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായി. വ്യാഴാഴ്ച വൈകുന്നേരം 5.30 വരെ 11 രോഗികളാണ് സമാന ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. എന്നാൽ വെള്ളിയാഴ്ച രാവിലെയോടെ ഇത് 37 ആയി ഉയരുകയും നിലവിൽ അത് 59-ൽ എത്തുകയും ചെയ്തിട്ടുണ്ട്.


സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പും പ്രാദേശിക അധികൃതരും ചേർന്ന് ഈ ഭക്ഷണശാലയിൽ പരിശോധന നടത്തുകയും ഭക്ഷണസാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.


കഴിഞ്ഞ കുറച്ചാഴ്ചകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സമാനമായ ഭക്ഷ്യവിഷബാധ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജൂൺ 17-ന് തെലങ്കാനയിലെ രാജണ്ണ സിർസില്ല ജില്ലയിൽ ഒരു തെരുവ് കച്ചവടക്കാരനിൽ നിന്ന് പാനിപൂരി കഴിച്ച 15 കുട്ടികളെ ഭക്ഷ്യവിഷബാധയെ തുടർന്ന് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.


ഈ സംഭവത്തിൽ പാനിപൂരി വിൽപനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇതിനുപുറമെ, ഈ മാസം ആദ്യം മധ്യപ്രദേശിലെ ഗുണ ജില്ലയിൽ മലിനമായ കുടിവെള്ളം ഉപയോഗിച്ചതിനെ തുടർന്ന് ഒരു ഡസനിലധികം കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുകയും അവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പബ്ലിക് ഹെൽത്ത് ഉദ്യോഗസ്ഥർ കർശന നിരീക്ഷണത്തിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home